ma-baby

തിരുവനന്തപുരം: മലയാളത്തിലെ സാഹിത്യ പാരമ്പര്യങ്ങളിൽ നിന്ന് മാറി സ്വന്തമായ ഒരു രചനാശൈലി കൊണ്ട് സാഹിത്യലോകത്ത് സ്വന്തമായൊരു വഴി വെട്ടിയെടുത്ത എഴുത്തുകാരനാണ് യു.എ. ഖാദർ. അതിനാൽ തന്നെയാവാം മലയാള കഥാരചനയിൽ മൗലികത കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെ സ്ഥാനം. കേരളത്തിന് പുറത്തുള്ള ബാല്യമാവാം അദ്ദേഹത്തിന് വേറിട്ടൊരു മൗലികതയും വീക്ഷണവും നൽകിയത്. മലയാള സാഹിത്യത്തിലെ മഹാരഥന്മാരായ ബഷീർ,​ പൊറ്റക്കാട്,​ ഉറൂബ്,​ എൻ.പി. മുഹമ്മദ്,​ എം.ടി. എന്നിവർ എഴുത്തിൽ സജീവമായിരുന്ന കാലത്തുതന്നെ എഴുത്ത് ആരംഭിച്ചിട്ടും അവരിൽ ഒരാളായി തന്നെ ജീവിച്ചിട്ടും തന്റെ രചനാരീതിയെ വ്യത്യസ്ഥമാക്കാൻ അദ്ദേഹം കാണിച്ച സർഗശേഷി അന്യാദൃശമാണ്. 'കോമരം ഉണ്ണിപ്പെരവയും ഞാനും" എന്നൊരു മുഖവുര തന്റെ തിരഞ്ഞെടുത്ത കഥകൾക്ക് അദ്ദേഹം കുറിച്ചിട്ടുണ്ട്. തൃക്കോട്ടുർപ്പെരുമയുടെ രചനാരഹസ്യം ഒരു കഥപോലെ അതിൽ ഇതൾ വിടർത്തുന്നത് കാണാൻ കഴിയും. കഴിവുറ്റ ഒരു ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. അതാവാം അദ്ദേഹത്തിന്റെ കഥകളുടെ അസാധാരണമായ ദൃശ്യതയ്ക്ക് പിന്നിലുള്ള കലാരഹസ്യം. എഴുത്തിൽ സ്വന്തം വഴി ഉണ്ടായിരിക്കുമ്പോഴും തൃക്കോട്ടൂർ പെരുമയുടെ കഥാകൃത്ത് ഒരു കാര്യത്തിലും കേരളീയ മുഖ്യധാരയിൽ നിന്ന് മാറിനിന്നില്ല. ഒത്തുതീർപ്പുകൾ ഇല്ലാത്ത മതനിരപേക്ഷവാദിയും പ്രതിബദ്ധനായ പുരോഗമനവാദിയും കൂടിയായിരുന്നു യു.എ. ഖാദർ. വി.എസ്. അച്യുതാനന്ദൻ ഗവൺമെന്റിൽ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കാലത്തും അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാനും അടുത്തിടപഴകാനും ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പലതവണ പോയി സംസാരിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അവയെല്ലാം ഊഷ്മളമായ സ്മരണകളായി നിലനിൽക്കും.