പോത്തൻകോട്: മേലെമുക്ക് മുന്നാസ് ബേക്കറിയിൽ നടന്ന സംഘർഷത്തിൽ തിളച്ച പാൽ ദേഹത്ത് വീണ് പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കടയുടമയ്‌ക്കും ജീവനക്കാരനുമെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. കാറിലെത്തിയ സംഘം യുവതിയെ ശല്യം ചെയ്‌തത് കടയുടമ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമം നടത്തിയെന്ന കടയുടമയുടെ പരാതിയിൽ വെമ്പായം സ്വദേശികളായ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പരിക്കേറ്റ ആസിഫ് (25),​ സഹോദരൻ ആഷിഖ്, ബന്ധുവായ ശംഖുംമുഖം സ്വദേശി ഷാൻ ഖാൻ (22), സഹോദരൻ ഷാരൂഖാൻ (25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പൊള്ളലേറ്റ ഷാരൂഖാന്റെ നില ഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷാരൂഖാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഷാൻഖാന്റെ കൈയ്ക്ക് പൊട്ടലുണ്ട്. സംഘർഷത്തിൽ കടയുടമ ഷാജി, ജീവനക്കാരനായ അജീഷ് എന്നിവർക്കും പൊള്ളലേറ്റിരുന്നു. കാറിലെത്തിയ മൂന്ന് യുവാക്കൾ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ അസഭ്യം പറഞ്ഞത് കടയുടമ ചോദ്യംചെയ്യുകയും ഇവരെത്തിയ കാറിന്റെ ചിത്രം മൊബൈലിൽ പകർത്തിയതുമാണ് സംഘർഷത്തിന് കാരണം. തുടർന്ന് മടങ്ങിപ്പോയ യുവാക്കൾ കൂടുതൽ പേരുമായെത്തി കടയിൽ അക്രമം നടത്തുകയും പിടിവലിക്കിടെ തിളച്ച പാൽ ദേഹത്ത് വീഴുകയുമായിരുന്നെന്ന് കടയുടമ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കടയുടമയും സംഘവും തടഞ്ഞുവച്ച് മർദ്ദിക്കുകയും മോചിപ്പിക്കാനെത്തിയവരുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയായിരുന്നെന്നുമാണ് യുവാക്കളുടെ പരാതി. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. സംഭവസമയത്ത് ബേക്കറിയിലെ സി.സി ടിവി കാമറ പ്രവർത്തിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.