ua-khader

കലർപ്പില്ലാത്ത സ്നേഹം. കലർപ്പില്ലാത്ത ഗ്രാമീണ ഭാഷ, കലർപ്പില്ലാത്ത നന്മ ഇതൊക്കെയായിരുന്നു യു.എ.ഖാദർ. തൃക്കോട്ടൂരെന്ന ദേശത്തിന്റെ കഥകളിലൂടെ യു.എ. ഖാദർ പറഞ്ഞതത്രയും മനുഷ്യ ജീവിതത്തിന്റെ കലർപ്പില്ലാത്ത കഥകളായിരുന്നു. ആ കാലത്തും ഈ കാലത്തും വരുംകാലത്തിലും പ്രസക്തമായ ജീവിത സത്യങ്ങളായിരുന്നു അവ. ഗ്രാമീണ വിശുദ്ധി നിറഞ്ഞു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ.

പറശ്ശനിക്കടവു മുതൽ കോരപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ ദേവതാ സങ്കല്പങ്ങളെയും പരാവൃത്തങ്ങളെയും തൃക്കോട്ടൂർ എന്ന ഗ്രാമത്തിലേക്ക് കൊണ്ടു വന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തോടെ നന്മ ചോരാതെ അവയ്ക്ക് അലൗകികതയുടെ മാനംനല്‍കി അവതരിപ്പിക്കുകയാരുന്നു അദ്ദേഹം.

എസ്.കെ. പൊറ്റക്കാടിന് ഒരു തെരുവിന്റെ കഥയെഴുതാൻ കോഴിക്കോട്ടെ മിഠായിത്തെരു പ്രചോദനമായതുപോലെ, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിക്ക് മയ്യഴി എന്ന മാഹി കാരണമായതുപോലെ, ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിന് പാലക്കാട്ടെ തസ്രാക്കിനെ ആധാരമാക്കിയതു പോലെ യു.എ.ഖാദർ എന്ന എഴുത്തുകാരൻ തന്റെ കഥകളിലൂടെ അനശ്വരമാക്കിയ ഭൂമികയാണ്, തൃക്കോട്ടൂർ എന്നൊരു നിരീക്ഷണം അറിവിലുണ്ട്. അദ്ദേഹത്തിന്റെ രചനകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇത് ശരിയാണെന്ന് ബോദ്ധ്യമാകും

ആരോടും ഒരു കാലുഷ്യവും ഇല്ലാതെ ജീവിച്ചു. ചിത്രകലയെപ്പറ്റി കാര്യമായ ധാരണ ഉണ്ടായിരുന്നു. ഈ ഭൂമിയിൽ അദ്ദേഹത്തിന് രണ്ട ജന്മങ്ങളുണ്ടായിരുന്നു. ബർമയിലെ ജീവിതവും. കേരളത്തിലെ ജീവിതവും. എഴു വയസുവരെ മാത്രമേ ബർമയിൽ കഴിഞ്ഞുള്ളൂവെങ്കിലും ജീവിതാവസാനം വരെ ജന്മനാട് അദ്ദേഹത്തിന്റെ മനിസിലുണ്ടായിരുന്നു. പരോക്ഷമായി എഴുത്തിലും.

ജീവിതകാലമത്രയും പിറന്ന നാടിനെ കുറിച്ചുള്ള സ്മരണ അദ്ദേഹത്തനുണ്ടായിരുന്നു. ഒടുവിൽ ഏറെ കഷ്ടപ്പെട്ട് ആ നാട്ടിലേക്കു നടത്തിയ യാത്രയുടെ കഥയാണ് 'ഓർമകളുടെ പഗോഡ.' ആത്മകഥയായി മാറുന്ന ഈ യാത്രാവിവരണത്തിലുണ്ട് ഖാദറിന്റെ ഒരു ജന്മം.