
പേരൂർക്കട: പട്ടം പൊട്ടക്കുഴി ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി. 400 എം.എം പ്രിമോ പൈപ്പാണ് പൊട്ടിയത്. പട്ടം, പ്ലാമൂട്, പൊട്ടക്കുഴി, ചാലക്കുഴി ഭാഗങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങി. ഇന്നലെ പുലർച്ചെ ആരംഭിച്ച പണി വൈകിയാണ് പൂർത്തിയാക്കാനായത്. പ്രശ്നമുണ്ടായ പ്രിമോപൈപ്പിന്റെ ഭാഗത്ത് മറ്റൊരു പൈപ്പ് വിളക്കിച്ചേർത്തായിരുന്നു ചോർച്ച പരിഹരിച്ചത്. പൈപ്പിന്റെ കാലപ്പഴക്കവും മർദ്ദവുമാണ് പൈപ്പ് പൊട്ടാൻ കാരണമായത്. അരുവിക്കരയിൽ നിന്നു പേരൂർക്കട ടാങ്കിലേക്ക് ജലമെത്തിച്ചശേഷം ഇവിടെനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ജലമെത്തിക്കുന്നതാണ് പൈപ്പ്. മെഡിക്കൽ കോളജിലേക്ക് പ്രത്യേക ലൈൻ കണക്ഷൻകൂടി ഉള്ളതിനാൽ ഈ ഭാഗത്ത് കാര്യമായ കുടിവെള്ളപ്രശ്നം ഉണ്ടായില്ല. ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചതോടെ ഗതാഗതം തടസപ്പെട്ടു.