കോവളം: അപകടമേഖലയിൽ കുളിക്കരുതെന്ന് വിലക്കിയ ലൈഫ് ഗാർഡുകളെ ആക്രമിച്ച രണ്ട് യുവാക്കളെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കവടിയാർ സ്വദേശികളായ വിപിൻ(26), വിഷ്ണു(25) എന്നിവരെയാണ് കോവളം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മദ്യലഹരിയിലായ ഇവർ ലൈറ്റ്ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയിരുന്നു. കരഭാഗത്ത് നിന്ന് നീന്തി അപകടമേഖലയിലേക്ക് കടന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഇവരെ കരയിലേക്ക് കയറാൻ നിർദ്ദേശിച്ചു. തങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കയറാൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് ബാബുജിയെ മർദിച്ചു. ലൈഫ് ഗാർഡിന്റെ യൂണിഫോം വലിച്ച് കീറി. തിരിച്ചറിയൽ കാർഡ് നശിപ്പിച്ചു. കോവളം ഇൻസ്‌പെക്ടറും എസ്.ഐ അടക്കമുളള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവാക്കളെ കീഴ്‌പ്പെടുത്തിയത്.