
പുനലൂർ: മദ്യലഹരിയിൽ വയോധികനെ അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ടുപിടികൂടി. പുനലൂർ നഗരസഭയിലെ കക്കോട് പള്ളിത്തോട്ടത്തിൽ വീട്ടിൽ സന്തോഷിനെയാണ് (40) പുനലൂർ എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സമീപവാസിയായ തങ്കപ്പൻ ആചാരിയെയാണ് (70) കസേര ഉപയോഗിച്ചു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് എസ്.ഐ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ തങ്കപ്പൻ ആചാരി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് സന്തോഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്നെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടി കുടുകയായിരുന്നു. കൊല്ലത്തെ പള്ളിത്തോട്ടം സ്വദേശിയായ സന്തോഷ് ഭാര്യ വീടായ കക്കോട് താമസിച്ചു വരുകയായിരുന്നു.