
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇപ്പോഴും രോഗികൾക്ക് അന്യം. നൂറിലധികം കിടക്കകളും പത്ത് രോഗികൾക്ക് ഒരു ടോയ്ലെറ്റ് എന്ന കണക്കിൽ മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടും നിലവിൽ ആന്റിജൻ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രം മാത്രമാണിവിടെ. രോഗം സ്ഥിരീകരിച്ചവർക്ക് ഇപ്പോൾ ഞാറനീലി സി.ബി.എസ്.ഇ സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിലാണ് ചികിത്സ ഒരുക്കിയിട്ടുള്ളത്. ഇവിടെനിന്ന് രോഗികളെ മാറ്രാത്ത പക്ഷം ക്ളാസുകൾ തുടങ്ങിയാലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികൾ താമസിച്ച് പഠിച്ചിരുന്ന ഇവിടെ അദ്ധ്യനം നടക്കുമോ എന്ന ആശങ്കയും രക്ഷാകർത്താക്കൾക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള കൊവിഡ് രോഗികളെ നന്ദിയോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ചെലവാക്കിയത് ലക്ഷങ്ങൾ
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഗ്രീൻ ഓഡിറ്റോറയത്തെ മാറ്റുന്നതിന് പത്ത് ലക്ഷം രൂപയോളമാണ് പഞ്ചായത്ത് ചെലവഴിച്ചത്. എന്നാൽ വാടക നൽകേണ്ടതുമില്ല.
എന്നാൽ പഞ്ചായത്തിലെ രോഗികൾക്ക് പോലും ഇവിടെ ചികിത്സ ലഭ്യമാകുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. സർക്കാരിന്റെ ഉടമസ്ഥയിൽ പാലോട് സ്കൗട്ട് സെന്റർ ഉള്ളപ്പോൾ ഓഡിറ്റോയത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചതെന്തിനെന്നും ജനങ്ങൾ ചോദിക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നന്ദിയോട്ടെ ചികിത്സാകേന്ദ്രത്തിൽ രോഗികൾക്ക് പ്രവേശനം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.