
കിളിമാനൂർ: ചെറുക്കാരം പാലത്തിനടിയിലെ നദിയിൽ ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പാലത്തിനപ്പുറം കിളിമാനൂർ പൊലിസ് സറ്റേഷനും ഇപ്പുറം നഗരൂർ സ്റ്റേഷൻ പരിധിയുമാണ്. പതിവായി മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. ഇതിന് തൊട്ടു താഴെയായി നിരവധി കുടുംബങ്ങൾ ഈ നദിയെയാണ് കുളിക്കാനും, കഴുകാനുമൊക്കെ ആശ്രയിക്കുന്നത്. ഇതു മൂലം ഈ പ്രദേശത്ത് പകർച്ചവ്യാധി വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ അനന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം തള്ളൽ വ്യാപകമായതോടെ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നാട്ടുകാർ സംഘടിച്ച് രാത്രി കാലങ്ങളിൽ കാവലിരിക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.