train

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും മറ്റ് ദിവസയാത്രക്കാരും ആശ്രയിക്കുന്ന പകൽ സമയ എക്‌സ്‌പ്രസ് ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായി സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് ഇന്നു മുതൽ സർവീസ് നടത്തും.

കണ്ണൂർ എക്സിക്യൂട്ടീവും ഗുരുവായൂർ ഇന്റർസിറ്റിയും നാളെ മുതലാണ്.

റിസർവ് ചെയ്‌തവർക്ക് മാത്രമേ ടിക്കറ്റ് നൽകൂ. ആർക്കെങ്കിലും കൊവിഡ് ബാധിച്ചാൽ സഹയാത്രികരെ കണ്ടെത്താനാണിത്.

മാവേലി, വേണാട്, ജനശതാബ്ദി ട്രെയിനുകൾ നേരത്തേ ആരംഭിച്ചിരുന്നു.

പാസഞ്ചറുകൾ ഓടിക്കുന്നതിൽ തീരുമാനമായിട്ടില്ല. ജനറൽ കമ്പാർട്ടുമെന്റുകളും തത്കാലം തുറക്കില്ല. കൊവിഡ് കുറയുന്ന മുറയ്ക്ക് ഇതെല്ലാം തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് മൂലം മാർച്ച് 23നാണ് ട്രെയിനുകൾ റദ്ദാക്കിയത്.
സ്പെഷ്യൽ ട്രെയിനുകളായതിനാൽ ഒന്നിന് പകരം പൂജ്യത്തിലാണ് ട്രെയിൻ നമ്പർ തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ്. പാസഞ്ചറുകളിൽ സീസൺ ടിക്കറ്റ്‌കാർക്കു സ്ഥിരം സീറ്റ് അനുവദിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും ഒരു സംസ്ഥാനത്തു മാത്രമായി പറ്റില്ലെന്ന നിലപാടിലാണ് റെയിൽവേ.

വീണ്ടും തുടങ്ങുന്ന സർവീസുകൾ.

@തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് ഇന്നു മുതൽ

@എറണാകുളം - കണ്ണൂർ എക്സിക്യൂട്ടീവും തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റിയും നാളെ മുതൽ

@തിരുവനന്തപുരം - മംഗലാപുരം 16ന്

@തിരുവനന്തപുരം - പാലക്കാട് - മധുര അമൃത 23ന്

കൊച്ചുകൾ കുറഞ്ഞു

നിരവധി കോച്ചുകൾ കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കിയതോടെ സർവീസിന് കോച്ചുകൾ കുറഞ്ഞു. കൊവിഡ് മൂലം ജീവനക്കാരെ കുറച്ചതോടെ കോച്ച് ഫാക്ടറികളിൽ ഉത്പാദനമില്ല. സർവീസ് തുടങ്ങിയാലും കോച്ചുകൾ കുറവായിരിക്കും. അപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് നീണ്ടുപോകും. പതിനെട്ട് വർഷം കഴിഞ്ഞവ ഉപയോഗിക്കേണ്ടെന്ന നിർദ്ദേശവും കോച്ചുകൾ കുറയാനിടയാക്കി. നേരത്തേ 25 വർഷമായിരുന്നു കോച്ചുകളുടെ ആയുസ്. 18ആക്കിയതോടെ ദക്ഷിണ റെയിൽവേയിൽ ആയിരത്തിലേറെ കോച്ചുകളുടെ കുറവുണ്ടായി.