banana

നെയ്യാറ്റിൻകര/വെഞ്ഞാറമൂട് : അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കുറഞ്ഞവിലയ്ക്ക് വാഴക്കുലകൾ വിപണിയിൽ എത്തിയതോടെ നാടൻ വാഴക്കുലകളുടെ വില കുത്തനെ ഇടിഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. കിലോയ്ക്ക് 20 രൂപ പോലും കിട്ടാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പ്രധാനമായും തമിഴ് നാട്ടിൽ നിന്നാണ് നാട്ടിൻപുറങ്ങളിൽപ്പോലും വാഴക്കുലകളെത്തുന്നത്. കുറഞ്ഞവിലയ്ക്ക് ഇത്തരം കുലകൾ ധാരാളം ലഭിക്കുന്നതിനാൽ നാട്ടിലെ കർഷകർ വിൽക്കാൻ കൊണ്ടുപോകുന്ന വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ജില്ലയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കിളിമാനൂർ പ്രദേശങ്ങിലാണ് വാഴ കൃഷി വ്യാപകമായിട്ടുള്ളത്. ഏക്കർകണക്കിന് സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തവരാണ് വില കിട്ടാതെ വെട്ടിലായത്. കുടുംബശ്രീയുടെ നേതൃത്വത്തിലും വാഴകൃഷിയുണ്ട്. പെട്ടി ഓട്ടോകളിലും ഉന്തുവണ്ടി കളിലും കൊണ്ടുവന്നാണ് കച്ചവടം. നാടൻ കായയുടെ ഗുണം ഇവയ്ക്കില്ല. എങ്കിലും വിലക്കുറവിന്റെ പേരിൽ ആളുകൾ അങ്ങോട്ടേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിൽനിന്നും ആവശ്യംപോലെ ഏത്തക്കുലകൾ ജില്ലയിലെ മാർക്കറ്റുകളിലും ദിവസേന എത്തുന്നുണ്ട്. ഏത്തപ്പഴം കുറഞ്ഞ വിലയ്ക്ക് എങ്കിലും വിറ്റ് പോകുന്നുണ്ടെങ്കിലും നാട്ടിൽ വിളയിച്ച റോബസ്റ്റ, പാളയംകോടൻ വാഴക്കുലകൾക്ക് ആവശ്യക്കാർ തീരെയില്ലെന്ന് കർഷകർ പറയുന്നു. ഹോട്ടലുകളിൽ ഉപഭോക്താക്കൾ കുറവായതും കുലയ്ക്ക് ഡിമാൻഡ് ഇടിയാൻ മറ്റൊരു കാരണമായി. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായിരുന്ന കദളിക്കുലകൾ കൃഷിചെയ്തിരുന്നവരും ഇപ്പോൾ പരാധീനതയിലാണ്. കൃഷി നാശം സംഭവിച്ച വാഴ കർഷകർക്ക് ലഭിക്കണ്ട നഷ്ടപരിഹാരവും വിള ഇൻഷ്വറൻസ് തുകയും ലഭിക്കാൻ കാലതാമസമെടുക്കുന്നതും കർഷകർക്ക് ഇരുട്ടടിയായി പലർക്കും 2 വർഷത്തെ തുക വരെ ലഭിക്കാനുണ്ടെന്ന് പരാതി പ്പെടുന്നു. കൃഷി ഭവൻ അധികൃതരെ ബന്ധപ്പെടുമ്പോൾ അവർക്കും ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് കൈ ഒഴിയുകയാണ്. ഒരു വാഴയ്ക്ക് സംസ്ഥാന സർക്കാർ 3 രൂപയാണ് ഇൻഷ്വറൻസ് എർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇത് ഒരു ഏക്കർ എന്ന കണക്കിന് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ചെറുകിട കൃഷിക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമല്ല.

കുത്തനെ കുറയുന്നു

ഇപ്പോൾ ഏത്തവാഴ കർഷകന് ലഭിക്കുന്നത് പച്ചയ്ക്ക് 25 മുതൽ 28 രൂപ വരെയാണ്. എന്നാൽ നഗരത്തിൽ ഏത്തപ്പഴത്തിന് കിലോയ്ക്ക് 45 രൂപവരെ വിലയുണ്ട്. വഴിയോരങ്ങളിൽ 3 കിലോ ഏത്തപ്പഴത്തിന് 100 രൂപ നിരക്കിൽ വില്പന നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നു വൻതോതിൽ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന വാഴക്കുലകളാണ് ഇങ്ങനെ വില കുറച്ച് വിൽക്കുന്നത്. ഇങ്ങനെ വില കുറച്ച് വിൽക്കുന്നതു കാരണം നാടൻ കുലകൾക്ക് ഡിമാന്റ് ഇടിയുകയാണ്. തമിഴ് നാട്ടിൽ നിന്നും വരവ് വർദ്ധിച്ചതോടുകൂടി മറ്റ് പഴങ്ങൾക്കും വില ഇല്ലാതായി. പാളയം തോടൻ കുലയ്ക്ക് കിലോ 9 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ ഇടനിലക്കാർക്ക് ഉയർന്ന വില ലഭിക്കുന്നുവെന്ന് കർഷകരുടെ പരാതി. സർക്കാർ കഴിഞ്ഞ മാസം മുതൽ 30 രൂപ വരെ താങ്ങുവില നിശ്ചയിച്ചുവെങ്കിലും കർഷകർക്ക് നേട്ടമില്ല. ഓപ്പൺ വിപണികളിൽ ലഭിക്കുന്നതിനെക്കാൾ വില ലഭിക്കുന്നുവെങ്കിലും കർഷകർക്ക് ഒരു വാഴ ഒന്നിന് കിലോയ്ക്ക് 40 രൂപ മുതൽ 50 രൂപ വരെ ഉത്പാദന ചെലവ് വരുന്നു. ഒരു കുലയ്ക് 200 മുതൽ 250 രൂപവരെ ഉത്പാദന ചെലവ് വരുമ്പോഴാണ് മാർക്കറ്റിൽ തുച്ഛമായ വരുമാനം ലഭിക്കുന്നത്.

മേട്ടുപ്പാളയം കുലകൾ

വേനൽക്കാല വാഴകൃഷിയുടെ വിളവെടുപ്പ് സമയമാണിത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നെത്തുന്ന വാഴക്കുലകൾക്കും വിലയിടിവാണ്. റോഡരികിൽ പലയിടത്തും വില്പന നടത്തുന്നത് തമിഴ്നാടൻ കുലകളാണ്. വയനാടൻ കായ്കൾക്കാണ് സ്വാദും ഗുണവും കൂടുതലെങ്കിലും ജില്ലയിലേക്ക് കൂടുതലെത്തുന്നത് മേട്ടുപ്പാളയം കുലകളാണ്. കായ്ക്ക് വില കുറവാണെങ്കിലും ബേക്കറികളിലും കടകളിലും ഏത്തക്ക വിഭവങ്ങൾക്ക് വില കുറഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴക്കുലകൾ എത്തുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിയിറക്കാൻ ചെലവായ പണം പോലും ലഭിക്കുന്നില്ലത്രെ.

ചിപ്സ് വില്പന വർദ്ധിച്ചു

ഏത്തവാഴ വില കുറഞ്ഞ തോടുകൂടി വഴിയോരങ്ങളിൽ വാഹനങ്ങളിൽ ചിപ്സ് വില്പന വർദ്ധിച്ചു. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ ബേക്കറികൾ ഉൾപ്പെടെയുള്ള മറ്റ് കച്ചവടക്കാർക്കും വില്പന നന്നേ കുറഞ്ഞുവെന്ന് കച്ചവടക്കാർ.

വാഴക്കർഷകർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവില 30 രൂപയിൽ നിന്നും 40 ആയി ഉയർത്തിയാലേ കർഷകർക്ക് നേട്ടമുള്ളൂ.

-രാജേഷ് വടക്കും കര

സി.ഇ.ഒ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ)