
വക്കം: ഇലക്ട്രിക് പോസ്റ്റുകളിൽ പാഴ്ചെടികൾ മൂടി ജനം ഭീതിയിൽ. മണനാക്ക് മുതൽ വിളയിൽ മൂല വരെയുള്ള ഒരു കിലോമീറ്ററോളം ദൂരമുള മേഖലയിലെ റോഡരുകിലെ പോസ്റ്റുകളിലാണ് വലിയ തോതിൽ പാഴ്ചെടികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നത്. 11 കെ.വി ലൈൻ അടക്കമുള്ള പോസ്റ്റുകളാണിത്. ചില പോസ്റ്റുകൾ ഇതിനകം തന്നെ പാഴ്ചെടികൾ പൂർണമായും മൂടിക്കഴിഞ്ഞു. മറ്റുള്ളവയിൽ ഭാഗികമായും. ഈ ചെറിയ ദൂരത്തിനിടയിൽ ഇരുപതിലധികം ഇലക്ട്രിക് പോസ്റ്റുകൾ പാഴ്ചെടികൾ കൈയ്യടക്കിക്കഴിഞ്ഞു. മഴക്കാലത്ത് ഇത് വഴി നടന്നു പോകുന്നവർക്ക് വൈദ്യൂതഘാതം ഉണ്ടാകുമോ എന്ന ഭീതിയുമുണ്ട്. ഇലക്ട്രിക്ക് പോസ്റ്റിലെ പാഴ്ചെടികൾ ചിലർക്ക് കൗതുക കാഴ്ചയാണ്. ഇടയ്ക്കിടെ 11 കെ.വി ലൈനുകളിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് ലൈൻ ഓഫാക്കുന്നു എന്ന അറിയിപ്പുകൾ വരുന്നുണ്ടെങ്കിലും പ്രധാന റോഡായ ഇവിടെ ഇനിയും ബന്ധപ്പെട്ടവർ എത്തിയിട്ടില്ല.