malayinkil

മലയിൻകീഴ്: മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പ്രദേശത്തെ പഞ്ചായത്ത് റോഡുകൾ തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ദുരവസ്ഥയ്ക്കുറിച്ച് ജനങ്ങൾ പരാതി പറഞ്ഞ് മടുത്തിട്ടും നടപടികൾ മാത്രം ഇനിയും അകലെയാണ്. കാലങ്ങളായി ഈ ദുരവസ്ഥ തുടരുന്നു. മലയിൻകീഴ്- ശാന്തിനഗർ-മണപ്പുറം റോഡിന്റെ അവസ്ഥയാണ് ഏറെ ദയനീയം. ഇതുവഴിയുള്ള സഞ്ചാരം മുൻപ് തന്നെ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതിനിടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരുവശം വെട്ടിക്കുഴിച്ചത്.

ഒന്നരമാസം മുൻപാണ് വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം കുഴികൾ ഭാഗീകമായി മണ്ണിട്ട് മൂടിയത്. തൊട്ടുപിന്നാലെ പെയ്ത മഴയിൽ മണ്ണ് ഒലിച്ചുപോയി ഒരു കിലോമീറ്രറോളും ഭാഗത്ത് വൻ കുഴികൾ രൂപപ്പെട്ടു. മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട-കുഴയ്ക്കാട്, മലയിൻകീഴ്-ശ്രീകൃഷ്ണപുരം, ഇരട്ടക്കലുങ്ക്-പുത്തൻവിള എന്നീ റോഡുകളുടെ അവസ്ഥയും സമാനമാണ്. ഇതിൽ മേപ്പൂക്കട-കുഴയ്ക്കാട് റൂട്ടിലൂടെയുള്ള ബസ് സർവീസും അടിക്കടി മുടങ്ങുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥയാണ് ഇതിനും കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മലയിൻകീഴ്-ശ്രീകൃഷ്ണപുരം മഞ്ചാടി- വിളപ്പിൽശാല റൂട്ടിലെ ബസ് നിറുത്തലാക്കിയിട്ട് നാളുകളേറെയായി. ഇതിനും കാരണം റോഡിന്റെ തകർച്ച തന്നെ.

തകർന്ന റോഡുകൾ ഇവയൊക്കെ....

വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വിളപ്പിൽശാല-ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡ് അപകടക്കെണിയായിട്ട് കാലമേറെയായി. വിളപ്പിൽശാലയിൽ നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ടുകിലോമീറ്റർ റോഡിലൂടെ കാൽനട യാത്രപോലും ദുഃസഹമാണ്. പേയാട്-ചീലപ്പാറ, വടക്കേജംഗ്ഷൻ-വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി-പരുത്തംപാറ, പ്ലാവിള-മലപ്പനംകോട്, പേയാട്-ഭജനമഠം, കാവുവിള-മലപ്പനംകോട് എന്നീ റോഡുകളുടെ അവസ്ഥയും ഇതു തന്നെ. വിഴവൂർ-പൊറ്റയിൽ, കല്ലുപാലം-വേങ്കൂർ, കുന്നിൽവിള-പനങ്കുഴി, പ്ലാത്തറത്തല-പഴവൂട്ടുനട ക്ഷേത്രം, പുതുവീട്ട്മേലെ-കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്തിലെ റോഡുകളും തകർ‌ന്നിട്ട് നാളേറെയായി. മാറനല്ലൂർ പഞ്ചായത്തിലാകട്ടെ തൂങ്ങാംപാറ-കിള്ളി, പുന്നാവൂർ-അറ്റത്തുകോണം, വണ്ടനൂർ-കുക്കുറുണി റോഡ‌ുകളാണ് യാത്രക്കാർക്ക് തലവേദന സൃഷ്ടിക്കുന്നു.

അപകടങ്ങൾ ഏറുന്നു

തകർന്ന റോഡുകളിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വൻ അപകട ഭീഷണിയാണ് നേരിടുന്നത്. സമയത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ ഇതിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളംകെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.