d

തിരുവനന്തപുരം: നീണ്ട കാലത്തെ അവഗണനയ്ക്കൊടുവിൽ മുഖം മിനുക്കിയ തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങുന്നു. പാർക്കിന്റെ നവീകരണ പ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മാസം അവസാനത്തോടെ മുഴുവൻ പണികളും പൂർത്തിയായി പാർക്ക് തുറക്കാനാണ് തീരുമാനം. പുതുവർഷത്തിന് മുൻപ് തലസ്ഥാനവാസികൾക്കായി പാർക്കൊരുങ്ങും. ആഗസ്റ്റിലാണ് പൊന്നറ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒക്ടോബറിൽ പൂർത്തിയാകുമെന്ന് കരുതിയ നവീകരണം നീണ്ടുപോവുകയായിരുന്നു. റെയിൽവേസ്റ്റേഷന് എതിർവശത്ത് കോർപ്പറേഷന്റെ നിലവിലെ പാർക്കിംഗ് സെന്ററിലെ 50 സെന്റിൽ പുതിയ മൾട്ടിലവൽ പാർക്കിംഗ് കേന്ദ്രം കൂടി വരുമ്പോൾ തമ്പാനൂരിന്റെ മുഖം തന്നെ മാറും. ഒരു വർഷത്തിനുള്ളിൽ മൾട്ടി ലെവൽ പാർക്കിംഗിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 നവീകരണ പ്രവർത്തനങ്ങളുടെ 80 ശതമാനത്തിലധികം പൂർത്തിയായി. അവസാനഘട്ട ഇലക്ടിക്കൽ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.

- സനൂപ് ഗോപീകൃഷ്ണ,

സ്മാർട്ട് സിറ്റി ജനറൽ മാനേജർ

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനം

1.1 കോടി രൂപയാണ് പദ്ധതിച്ചെലവ്

മുഖച്ഛായ മാറുന്ന രീതിയിലാണ് നിർമ്മാണം

പാർക്ക് ലാൻഡ് സ്‌കേപ്പിംഗ് നടത്തി പൊന്നറ ശ്രീധറിന്റെ പ്രതിമ പുതിയ പീഠത്തിലേക്കു മാറ്റും

മുൻപത്തേതിനേക്കാൾ ഉയർന്ന പീഠത്തിലാണ് പ്രതിമ സ്ഥാപിക്കുക

സെൽഫി പോയിന്റ്, ജലധാര, ആർട്ട് ഇൻസ്റ്റലൈസേഷൻ, പുതിയ വൈദ്യുതവിളക്കുകൾ, ചെറിയ യോഗങ്ങൾ നടത്തുന്നതിനാവശ്യമായ സ്റ്റേജ്

സി.സി ടി.വി നീരീക്ഷണ കാമറകൾ

തിരക്കേറിയ തമ്പാനൂരും പരിസരപ്രദേശത്തും എത്തുന്നവർക്ക് സ്വസ്ഥമായി പാർക്കിലിരുന്ന് സമയം ചെലവഴിക്കാം

കുടുംബത്തിനൊപ്പം ഒഴിവുസമയം ചെലവഴിക്കാൻ നഗരവാസികൾക്കിവിടെയെത്താം

സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ തുടങ്ങിയവയെല്ലാം അടുത്ത്