
തിരുവനന്തപുരം:അരനൂറ്റാണ്ടോളം മലയാളികൾക്ക് കൃഷി എന്ന വാക്കിന്റെ പര്യായമായിരുന്ന ആർ.ഹേലി വിടപറയുമ്പോൾ നഷ്ടമാകുന്നത് കാർഷിക വിജ്ഞാന വ്യാപനത്തിന്റെ ആസൂത്രകനെ മാത്രമല്ല, നിരവധി കൃഷിയറിവുകൾ കൂടിയാണ്. ഹേലി എന്നാൽ സൂര്യൻ. കാർഷിക അറിവിന്റെ സൂര്യനായിരുന്നു അദ്ദേഹം. ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന വിജ്ഞാന വ്യാപന സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിലും നെൽകൃഷിയിലെ ഗ്രൂപ്പ് ഫാമിംഗ് എന്ന ആശയത്തിന്റെ പിന്നിലും അദ്ദേഹമായിരുന്നു. രാജ്യത്ത് ആദ്യമായി കാർഷിക മേഖലാ വാർത്ത ആകാശവാണിയിലൂടെ ആരംഭിച്ചതിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്.
കൃഷിക്കാർക്ക് മാന്യമായ വരുമാനവും ജീവിതവും - അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കൃഷിക്കാർക്ക് വീടുകളിൽ കയറി ചെല്ലുന്നതുപോലെ എത്താവുന്ന കൃഷി ഭവൻ എല്ലാ പഞ്ചായത്തിലും വേണമെന്ന ആശയം മന്ത്രിയായിരുന്ന വി.വി.രാഘവന് മുന്നിൽ വയ്‌ക്കുകയും നടപ്പിലാക്കുകയും ചെയ്‌തു. കർഷകർക്ക് ഓഫീസുകളിൽ പോകാൻ മടിയാണെന്നും അതിനാൽ കൃഷി ഓഫീസ് എന്ന പേര് വേണ്ടന്നും അദ്ദേഹം നിർദ്ദേശിച്ചു. കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കി വൻ വിലയ്ക്ക് വിൽക്കുന്നവരിൽ നിന്നും ഒരു ശതമാനം തുക തിരികെവാങ്ങി കർഷകർക്ക് റോയൽറ്റി നൽകണമെന്ന ആശയവും അദ്ദേഹത്തിന്റേതായിരുന്നു. നെൽ കർഷകർക്ക് റോയറ്റി നൽകുന്ന പദ്ധതിയും കർഷക ക്ഷേമ ബോർഡും അടുത്തിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ ആശയത്തിന്റെ ചുവടുപിടിച്ചാണ്.