
തിരുവനന്തപുരം: സൗരോർജ്ജം കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കൽ ലക്ഷ്യമിടുന്ന 'സൗര'- പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം ജനുവരിയിൽ രണ്ടായിരത്തോളം പുരപ്പുറങ്ങളിൽ വൈദ്യുതി ഉൽപ്പാദനം ആരംഭിക്കും. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ വലിയ ലാഭമുണ്ടാക്കുന്നതാണ് പദ്ധതി
രണ്ട് വർഷം മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതും, കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്നതുമായ പദ്ധതി വഴി 43,000 ഗുണഭോക്താക്കളാണ് സ്വന്തം പുരപ്പുറത്തു നിന്ന് വൈദ്യുതി പ്രതീക്ഷിച്ചിരിക്കുന്നത്. 2,62,000 പേർ പദ്ധതിക്കായി രജിസ്റ്റർ ചെയ്തു. ഇവരുടെ വീടുകൾ പരിശോധിച്ചാണ് 43,000 പേരെ തിരഞ്ഞെടുത്തത്. 8500 പേർ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേന്ദ്ര സർക്കാർ അനുവദിച്ചതോടെ,ഒരു ലക്ഷം പുരപ്പുറങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാനാവും. പുരപ്പുറത്ത് ഒരു കിലോവാട്ട് നിലയത്തിന് വേണ്ടത് 100 ചതുരശ്രഅടി സ്ഥലമാണ്.
മൂന്ന് ഏജൻസികൾ
*റിഫക്സ്, കോണ്ടാസ്, ഹൈവ് എന്നീ എജൻസികൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏജൻസികളെ ഗുണഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
*കെ.എസ്.ഇ.ബി പ്ലാൻ പ്രകാരമുള്ള മോഡലുകൾക്ക് 25 വർഷം മെയിന്റനൻസ് സൗജന്യം. കേന്ദ്ര പദ്ധതി പ്രകാരമുള്ള മോഡലിന് 5 വർഷവും
* രണ്ട് കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ 480 യൂണിറ്റും, മൂന്ന് കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ
720 യൂണിറ്റും വൈദ്യുതി രണ്ട് മാസം കൊണ്ട് ഉൽപ്പാദിപ്പിക്കാം.
സൗര സബ്സിഡി
മോഡൽ 1എ-
*പ്രതിമാസ ഉപഭോഗം 120 യൂണിറ്റ് വരെയുള്ളവർക്ക്
* ഈടാക്കുന്നത് പ്ലാന്റിന്റെ വിലയുടെ 12%
*ലഭിക്കുന്ന വൈദ്യുതി ഉൽപ്പാദനത്തിന്റെ 25%
നൽകേണ്ടത്
*രണ്ട് കിലോവാട്ടിന് -10,320 രൂപ
*മൂന്ന് കിലോവാട്ടിന് -15,120
മോഡൽ 1ബി-
*പ്രതിമാസ ഉപഭോഗം 150 യൂണിറ്റ് വരെയുള്ളവർക്ക്
*പ്ലാന്റിന്റെ വിലയുടെ 20%
*ലഭിക്കുന്ന വൈദ്യുതി ഉൽപ്പാദനത്തിന്റെ 40%
നൽകേണ്ടത്
*രണ്ട് കിലോവാട്ടിന് - 17,200 രൂപ
*മൂന്ന് കിലോവാട്ടിന് -25,200
മോഡൽ1 സി-
*പ്രതിമാസ ഉപഭോഗം 200 യൂണിറ്റ് വരെയുള്ളവർക്ക്
*പ്ലാന്റിന്റെ വിലയുടെ 25%
*ലഭിക്കുന്ന വൈദ്യുതി ഉൽപ്പാദനത്തിന്റെ 50%
നൽകേണ്ടത്
*രണ്ട് കിലോവാട്ടിന് - 21,500 രൂപ
*മൂന്ന് കിലോവാട്ടിന് -31,500 രൂപ
മോഡൽ 2
*മൂന്നു കിലോവാട്ട് വരെ സബ്സിഡി 40%. അതിനു മുകളിൽ 20%.
*രണ്ടു കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാൻ ഉപഭോക്താവ് നൽകേണ്ടത് 51,599 രൂപ.
* മൂന്ന് കിലോവാട്ടിന് 75,000 രൂപ. നാലിന് 1,06,340 രൂപ. പത്തു കിലോവാട്ടിന് 3,02,660 രൂപ.
*ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാം.
രജിസ്റ്റർ ചെയ്യാൻ
https://wss.kseb.in/selfservices/sbp
സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളിലൂടെയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ആയിരം രൂപ. ജി.എസ്.ടി.യും പ്രളയസെസും ചേർത്ത് 1190 രൂപ.
''രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും മാർച്ചോടെ പുരപ്പുറങ്ങളിൽ സോളാർ സ്ഥാപിക്കും''
-മിനി ജോർജ്, ഡയറക്ടർ, കെ.എസ്.ഇ.ബി