r-heli-

ആറ്റിങ്ങൽ: പ്രമുഖ കൃഷി ശാസ്ത്ര‌ജ്ഞനും ക‌‌ൃഷി വകുപ്പ് മുൻ ഡയറക്ടറും കാർഷിക പത്രപ്രവർത്തനത്തിന്റെ ഉപജ്ഞാതാവുമായ ആറ്റിങ്ങൽ വലിയകുന്ന് പേൾ ഹില്ലിൽ ആർ.ഹേലി അന്തരിച്ചു. ഇന്നലെ രാവിലെ 8.50ന് ആലപ്പുഴയിൽ മകളുടെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെ കേരളത്തിൽ കൃഷി ശാസ്‌ത്രത്തിന്റെ പ്രതീകമായി അറിയപ്പെട്ട ഹേലിക്ക് 86 വയസായിരുന്നു. ആറ്റിങ്ങലിലെ വസതിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഡോ. സുശീലയാണ് ഭാര്യ. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ പ്രൊഫസർ ഡോ. പൂർണിമ ബിനുലാൽ, കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രട്ടറി പ്രശാന്ത് ഹേലി എന്നിവർ മക്കളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ബിനുലാൽ വി.എ, ശുഭ പ്രശാന്ത് എന്നിവർ മരുമക്കളുമാണ്.

കൊവിഡ് ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് മകൾ പൂർണിമ മാതാപിതാക്കളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. ഇന്നലെ പ്രഭാത ഭക്ഷണത്തിനായി മകൾ വിളിച്ചപ്പോൾ ഹേലി കസേരയിൽ അബോധാവസ്ഥയിലായിരുന്നു. പൂർണിമയും,​ പിന്നാലെ മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധ ഡോക്ടർമാരും പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തു മണിയോടെ മൃതദേഹം ആംബുലൻസിൽ ജന്മനാടായ ആറ്റിങ്ങലിലേക്ക് എത്തിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ ആദ്യ ചെയർമാനുമായിരുന്ന പി.എം. രാമന്റെയും ഭാരതിയുടെയും ഒൻപതു മക്കളിൽ ഇളയവനായി 1934 ൽ ആറ്റിങ്ങൽ രത്നഗിരിയിലാണ് ജനനം. സൂര്യൻ എന്ന് അർത്ഥമുള്ള ഹേലി എന്നാണ് മാതാപിതാക്കൾ പേരിട്ടത്. പരേതരായ ആർ. പ്രകാശം (മുൻ എം.എൽ.എ), ഡോ.ആർ. പ്രസന്നൻ (നിയമസഭാ മുൻ സെക്രട്ടറി)​ എന്നിവർ സഹോദരങ്ങളിൽപ്പെടുന്നു.

സർക്കാരിന്റെ കർഷക ഭാരതി അവാർഡ‌് ജേതാവാണ്. നിരവധി കാർഷിക ഗ്രന്ഥങ്ങൾ രചിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻ പുറം പരിപാടികളും പത്ര - മാസികകളിലെ കാർഷിക പംക്തികളും ജനകീയമായി. കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. മന്ത്രിമാരായ കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, ബി.സത്യൻ എം.എൽ.എ തുടങ്ങി നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.