
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി കൃഷി മേഖലയിൽ നടന്ന എല്ലാ വിജ്ഞാന വിതരണ ശൃംഖലയുടെയും തലപ്പത്ത് തലയുർത്തി നിന്ന ഒരത്ഭുത പ്രതിഭാസമായിരുന്നു, ഹേലി സാർ എന്ന് ഞങ്ങൾ സ്നേഹപൂർവം വിളിക്കുന്ന ആർ. ഹേലി. 1957 ൽ ഇൗ ലേഖകൻ വെള്ളായണി കാർഷിക കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിയായെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനൊപ്പം 'കേരള കർഷകൻ' മാസികയുടെ സാരഥിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യാനെത്തിയ യുവാവായ ഹേലിയെ ഇന്നും ഒാർക്കുന്നു.
കോളേജിനു മുന്നിലെ വിശാലമായ മണ്ഡപത്തിലായിരുന്നു മീറ്റിംഗ്. മൂന്ന് ബാച്ചിലെയും പത്തിരുനൂറ് വിദ്യാർത്ഥികളും അദ്ധ്യാപകരും അവിടെ സന്നിഹിതരായിരുന്നു. ഭൂനയ ബില്ലിനെപ്പറ്റിയുള്ള വിവാദങ്ങൾക്ക് തുടക്കം കുറിച്ച സമയമായിരുന്നു അത്. ഇ.എം.എസിന്റെ പ്രസംഗത്തിൽ ആ ബില്ലിലെ വിവാദമായ വകുപ്പിനെപ്പറ്റിയുള്ള ഒരു പരാമർശം ഉണ്ടായിരുന്നു!
'നിങ്ങളൊക്കെ പഠിച്ചിറങ്ങിയാൽ ഇയാളെപ്പോലെ (അടുത്തു നിന്ന ഹേലിയെ ചൂണ്ടി) സർക്കാർ ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്! നിങ്ങളുടെ സ്വന്തം ഭൂമിയിൽ- അത് അഞ്ച് സെന്റാകാം അഞ്ചേക്കറാകാം, അതിൽ കൂടുതലായാൽ ഒരിക്കലും കാണില്ല. (കണ്ണിറുക്കി ചിരിച്ചുകൊണ്ട്) അതിൽ നിങ്ങൾ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കണം. ഒപ്പം മറ്റുള്ളവർക്ക് അത് പറഞ്ഞുകൊടുക്കുകയും വേണം."
ഹേലിസാറിന് ജോലി കൃഷി വകുപ്പിലാണെന്നും അദ്ദേഹം ബനാറസ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയതേയുള്ളൂ എന്നുമൊക്കെ ഞങ്ങൾ അന്നാണ് മനസ്സിലാക്കിയത്. ഒപ്പം, സർക്കാർ ജോലി വേണമെന്ന് ശാഠ്യം പിടിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഞങ്ങളെ ഒട്ടൊന്നുമല്ല ഭയപ്പെടുത്തിയത്! പക്ഷേ, പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങിയതോടെ കൃഷിവകുപ്പിൽ കൃഷി ഒാഫീസർമാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് പത്തിരുപത് വർഷം കഴിഞ്ഞപ്പോൾ ഉണ്ടായത്!
തൃശൂരിൽ പുതിയ കാർഷിക സർവകലാശാല തന്നെ ഉദയം കൊണ്ടു. ഇൗ കാലഘട്ടത്തിൽ ഹേലിസാർ 'ഫാം ഇൻഫർമേഷൻ ബ്യൂറോ" എന്ന പുതിയൊരു സംവിധാനത്തിന്റെ മേധാവിയായി വരികയും ആ തസ്തികയിൽ അനേകവർഷം തുടരുകയും ചെയ്തു. 'കേരള കർഷകൻ' മാസിക അപ്പോഴേക്കും കേരളത്തിലെ ഏറ്റവും അധികം പ്രചാരമുള്ള മാസികയായിത്തീർന്നിരുന്നു.
ഹരിത വിപ്ളവം കൊടുമ്പിരിക്കൊണ്ടു നിന്ന ആ കാലഘട്ടത്തിലാണ് ഹേലി സാറിനെ നെൽകൃഷിയിലെ പുതിയ സങ്കേതങ്ങൾ മനസ്സിലാക്കാൻ വേണ്ടി ഇന്തോനേഷ്യയും തായ്‌വാനും തായ്‌ലാൻഡും ഉൾപ്പെടെയുള്ള കിഴക്കനേഷ്യയിലെ പ്രധാന നെൽക്കൃഷി മേഖലയിൽ പരിശീലനത്തിനായി അയച്ചത്. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം തിരിച്ചെത്തിയ ഹേലി സാർ, നെൽക്കൃഷിയിൽ ലോകത്ത് വന്ന വമ്പിച്ച മാറ്റങ്ങളെപ്പറ്റി കേരളത്തിലെ മുഖ്യ പത്രങ്ങളിൽ തുടർച്ചയായി സരസമായും ലളിതമായും ലേഖന പരമ്പരകൾ എഴുതിത്തുടങ്ങി.
ആർ.ഹേലി എന്ന പേര് അങ്ങനെ പത്രലോകത്ത് നല്ല ഡിമാൻഡുള്ള ഒന്നായി മാറി. എന്നു മാത്രമല്ല, കേരളത്തിലെ പ്രധാന ദിനപത്രങ്ങൾ കാർഷിക വിജ്ഞാന വ്യാപനത്തിനായി ആഴ്ചയിൽ ഒരിക്കൽ ഒരു പേജുതന്നെ മാറ്റിവയ്ക്കാൻ നിർബന്ധിതരായി. എല്ലാ പത്രമാഫീസുകളിലും കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു മാത്രമായി ഒരു ലേഖകനുമുണ്ടായി. ഇത്തരത്തിൽ കേരളത്തിലെ 'ഹരിത ജേർണലിസത്തിന്റെ പിതാവ്' എന്ന ബഹുമതി ആർ. ഹേലിക്ക് സ്വന്തമായി!
കൃഷിസാഹിത്യ രംഗത്തേക്ക് എന്നെ പ്രോത്സാഹിപ്പിച്ച് കയറ്റിവിട്ട ഒരു ഗുരുവെന്ന നിലയിൽ ഹേലിസാറുമായി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഒരു സുഹൃത്തും വഴികാട്ടിയുമായി ഞാൻ ബന്ധപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. റിട്ടയർമെന്റിനു ശേഷവും ഹേലി സാർ മാറിമാറിവന്ന് എല്ലാ സർക്കാരുകളുടെയും ഇഷ്ട ഉപദേശകനായി പ്രവർത്തിച്ചുവന്നു.
എൺപതുകളിൽ കൃഷിമന്ത്രിയായിരുന്ന വി.വി. രാഘവൻ, തന്റെ സോവിയറ്റ് സന്ദർശനത്തിനു ശേഷം കേരളത്തിൽ നടപ്പിലാക്കിയ 'ഗ്രൂപ്പ് ഫാമിംഗ്' എന്ന കൂട്ടുകൃഷി വികസന പദ്ധതിയുടെ നടത്തിപ്പിൽ ഹേലിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം റേഡിയോ നിലയത്തിലെ ഉപദേശക സമിതിയിൽ സ്ഥിരാംഗമായിരുന്നു ഹേലിസാർ. ദൂരദർശൻ വന്നതോടെ ഞങ്ങൾ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു.
രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി കർഷകന്റെ താത്പര്യങ്ങളെയാണ് ഹേലി എക്കാലത്തും പിന്തുണച്ചിരുന്നത്. ആയിരത്തിലധികം പേജുകളുള്ള അദ്ദേഹത്തിന്റെ 'കൃഷിപാഠങ്ങൾ' എന്ന ഗ്രന്ഥം രണ്ടുമൂന്ന് എഡിഷനുകളിലായി പതിനായിരക്കണക്കിന് കർഷകർ നെഞ്ചേറ്റിയെന്ന ഒറ്റക്കാര്യം മതി, ഹേലി സാറിന്റെ വൈഭവം എത്ര മഹത്തരമെന്ന് തെളിയിക്കാൻ. കേരളത്തിലെ കർഷക സമൂഹം എന്നും അദ്ദേഹത്തെ ഒാർക്കും, തീർച്ച.