
ലോകമാകെ പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണിന്ന് സ്റ്റാമ്പ് ശേഖരണം അഥവ ഫിലാറ്റലി. വിനോദങ്ങളുടെ രാജാവ്. സ്റ്റാമ്പു ശേഖരണത്തിൽ തുടങ്ങി സ്റ്റാമ്പുകൾ പറയുന്ന കഥകൾ കേട്ടുപഠിക്കാൻ തുടങ്ങുമ്പോഴാണ് സ്റ്റാമ്പുശേഖരണ തത്പരൻ ഒരു ഫിലാറ്റലിസ്റ്റായി മാറുന്നത്.
തപാലാഫീസിൽ നിന്നും വന്നുകിട്ടുന്ന കവറു പൊട്ടിച്ച് അതിനുള്ളിലുള്ളതെടുത്തിട്ട് കവറിനെ അതിലൊട്ടിച്ചിട്ടുള്ള സ്റ്റാമ്പോടൊപ്പം ചുരുട്ടിക്കൂട്ടി വലിച്ചെറിയുമ്പോൾ പലരും അറിയുന്നില്ല അതിലൊട്ടിച്ചിട്ടുള്ള സ്റ്റാമ്പിന്റെ വില. ഇന്ത്യയിലെ ആദ്യകാല പോസ്റ്റേജ് സ്റ്റാമ്പ് 1852-ൽ പുറത്തിറക്കിയ അരയണ (1/2 anna) സ്റ്റാമ്പാണ്. 1852 മുതൽ 1870 വരെ ഉപയോഗത്തിലിരുന്ന സ്റ്റാമ്പുകൾ ഇന്ത്യൻ ക്ളാസിക്കുകൾ എന്നാണറിയപ്പെടുന്നത്. വൻ വിലയുള്ള ഇത്തരം എത്രയെത്ര ക്ളാസിക്കുകൾ കവറോടൊപ്പം ചുരുട്ടിക്കൂട്ടി വലിച്ചെറിയപ്പെട്ടിട്ടുണ്ടാകും! ഇന്ന് ഫിലാറ്റലിസ്റ്റുകൾ ഒരു അരയണ സ്റ്റാമ്പ് (classic) സ്വന്തമാക്കാൻ വേണ്ടി എത്രയേറെ പാടുപെടുന്നു.
ഫിലാറ്റലി അറിവും സന്തോഷവും പ്രദാനം ചെയ്യുന്നതോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാക്കിത്തരുന്നു. കൊവിഡ് 19 നെ പേടിച്ച് വീടിനുള്ളിൽ ഇരുന്ന് വീർപ്പുമുട്ടുമ്പോൾ സ്റ്റാമ്പുശേഖരണം ആശ്വാസത്തിനോടിയെത്തും. ശേഖരിച്ചുവച്ച സ്റ്റാമ്പുകൾ എടുത്തുനോക്കി ചിത്രങ്ങൾ കണ്ടാസ്വദിക്കാം, ചരിത്ര സംഭവങ്ങളെക്കുറിച്ചോർക്കാം. കൂടുതലുള്ളവ ആവശ്യക്കാരായ ഫിലാറ്റലിസ്റ്റിന് വിൽക്കാം.
കൈവശമുള്ള സ്റ്റാമ്പുകളുടെ വില, പുറത്തിറക്കിയ വർഷം, ലഭ്യത എന്നിവയെക്കുറിച്ച് ഫിലാറ്റലിസ്റ്റിന് അറിവുണ്ടായിരിക്കണം. നൂറുരൂപ വിലയുള്ള സ്റ്റാമ്പ് ആയിരം രൂപ കൊടുത്ത് വാങ്ങാതിരിക്കാനും ആയിരം രൂപ വിലയുള്ള സ്റ്റാമ്പ് കൊടുത്തിട്ട് പകരം നൂറുരൂപ വിലയുള്ള സ്റ്റാമ്പ് വാങ്ങാതിരിക്കാനും സ്റ്റാമ്പിന്റെ വില എത്രമാത്രം പഴക്കമുള്ളത്, എത്രമാത്രം റെയർ എന്നൊക്കെ അറിഞ്ഞേ തീരൂ. അല്ലെങ്കിൽ ചതിക്കുഴിയിൽ വീണേക്കാം.
കേരളീയന് പ്രിയങ്കരനായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഇഷ്ടവിനോദമായിരുന്നു സ്റ്റാമ്പുശേഖരം. എലിസബത്ത് രാജ്ഞിയുടെ റോയൽ ഫിലാറ്റലി അപൂർവ ശേഖരങ്ങളുടെ ഒരു കലവറയാണ്. പ്രശസ്തരായ ഫിലാറ്റലിസ്റ്റുകളും ഡീലേഴ്സും സ്റ്റാമ്പ് ശേഖരണമെന്ന വിനോദത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.
എന്തിന് സമയം പാഴാക്കണം. ഉടനെ തുടങ്ങുക സ്റ്റാമ്പുശേഖരണം, ആയിത്തീരുക ഒരു ഫിലാറ്റലിസ്റ്റ്. അത് അറിവും സന്തോഷവും സാമ്പത്തിക നേട്ടവും ഉണ്ടാക്കിത്തരും. അതോടൊപ്പം കൊവിഡ് 19 പോലുള്ള മഹാമാരികൾ വന്നു ഭീഷണിപ്പെടുത്തുമ്പോൾ ആശ്വാസം പകരുന്ന ഒരുത്തമ ചങ്ങാതിയും.