
ആറ്റിങ്ങൽ: കേരളത്തിന്റെ കാർഷിക സംസ്‌കാരം കരുപ്പിടിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ശാസ്‌ത്രജ്ഞനായിരുന്ന ആർ ഹേലി അതിന് ഉപാധിയാക്കിയത് ഫാം ജേർണലിസമാണ്. കേരളകൗമുദി പത്രം അദ്ദേഹത്തിന് ജീവനായിരുന്നു. കാർഷിക സംബന്ധമായ അസംഖ്യം ലേഖനങ്ങളാണ് കേരളകൗമുദിക്ക് നൽകിയത്.
കൃഷി വിജ്ഞാന വ്യാപനത്തിനായി മലയാള പത്രപ്രവർത്തനത്തിൽ ഒരു പാത അദ്ദേഹം വെട്ടിത്തുറന്നു. ലളിതമായ ഭാഷയിൽ കൃഷി ശാസ‌്ത്രത്തിന്റെ സൂക്ഷ്മ പാഠങ്ങൾ വിശദമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ കൃഷിയുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ അക്കാലത്ത് പത്ര മാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരുന്നു . കാർഷിക വിജ്ഞാനം ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പത്ര മാസികകൾക്ക് കാർഷിക പംക്തികൾ ആരംഭിക്കാൻ പ്രചോദനമായത്.
ആറ്റിങ്ങലിൽ ഉള്ളപ്പോൾ എല്ലാ സായാഹ്നങ്ങളിലും കേരളകൗമുദിയുടെ ആദ്യ കാല പ്രതിനിധിയായിരുന്ന കെ.വി.ജയപാലിന്റെ കച്ചേരി ജംഗ്ഷനിലെ ജയപാൽ ഏജൻസിയിൽ എത്തുമായിരുന്നു. ജയപാൽ ഹേലിയുടെ സഹപാഠിയാണ്. അവിടെ കളിക്കൂട്ടുകാരനും നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന അന്തരിച്ച ഡി. ജയറാമും ഉണ്ടാകും. നാട്ടിലെ വിശേഷങ്ങൾ ചർച്ച ചെയ്യാനാണ് ഈ കൂടിച്ചേരൽ.