
തിരുവനന്തപുരം: അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളവർദ്ധനവിൽ തീരുമാനമെടുക്കാൻ മൂന്നുമാസത്തെ കൂടി സാവകാശം വേണമെന്ന് 11-ാം ശമ്പളകമ്മിഷൻ സർക്കാരിനോടാവശ്യപ്പെട്ടു. കെ. മോഹൻദാസ് ചെയർമാനും പ്രൊഫ.എം.കെ.സുകുമാരൻനായർ, അശോക്മാമ്മൻചെറിയാൻ എന്നിവർ അംഗങ്ങളുമായുള്ള കമ്മിഷന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കുകയാണ്.
കൊവിഡ് ബാധമൂലം തൊഴിൽ, പ്രവർത്തനസാഹചര്യങ്ങളിലും മാറ്റമുണ്ടായി. വേതനവർദ്ധനവിൽ എന്ത് സമീപനമെടുക്കണമെന്നതിൽ ആശയക്കുഴപ്പമുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച റിപ്പോർട്ട് നൽകാമെന്നാണ് അപേക്ഷയിലുള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റചട്ടം വരുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാകും. ഇൗ സർക്കാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ശമ്പളപരിഷ്കരണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ കൊവിഡ് സ്ഥിതിഗതികളും സാഹചര്യങ്ങളും പ്രതികൂലമാക്കി.
ഒാരോ അഞ്ചുവർഷത്തിലും ശമ്പളപരിഷ്കരണം നടപ്പാക്കുന്നതാണ് സംസ്ഥാനത്തെ രീതി. ഇതിനായി കഴിഞ്ഞ വർഷം നവംബറിലാണ് മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. ജൂണിൽ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു.