
കേരളത്തിന്റെ കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനായിരുന്നു പ്രൊഫ. ആർ. ഹേലി. ഏതുസർക്കാരും കൃഷിവകുപ്പിന്റെ നയപരിപാടികൾക്ക് രൂപം നൽകാൻ ചുമതലപ്പെടുന്നയാളായിരുന്നു പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ.ഹേലി.
നെൽ കർഷകർക്കുള്ള റോയൽറ്റി, കർഷക ക്ഷേമ ബോർഡ് നിയമം എന്നിവയുടെയെല്ലാം ആശയം ആദ്ദേഹത്തിന്റേതായിരുന്നു. കൃഷി വിവരങ്ങളും ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കാനും സംസ്ഥാനത്തെ കാർഷിക പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.ഞാൻ ഉപദേശകനായി കാണുന്ന ഒരാളാണ് ആദ്ദേഹം.16 ഇനം പച്ചക്കറികളുടെ താങ്ങുവില പ്രഖ്യാപിച്ചപ്പോൾ , ധീരവും സാഹസികവുമായ തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രീയ കൃഷി എങ്ങനെ ജനകീയമാക്കാമെന്ന് എപ്പോഴും ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.
യാന്ത്രികമായി ജോലി ചെയ്യുന്ന കൃഷി ഉദ്യോഗസ്ഥരെ എങ്ങനെ പ്രചോദിപ്പിക്കാം എന്ന് ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൃഷിവകുപ്പിന്റെ ഗുരുനാഥനായിരുന്നു അദ്ദേഹം. റിട്ടയർ ആയാൽ ഒതുങ്ങിക്കൂടുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തനായി അവസാന ശ്വാസം വരെ കാർഷിക രംഗത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണദ്ദേഹം. വി.വി.രാഘവൻ കൃഷിമന്ത്രിയായിരുന്നപ്പോൾ നിരവധി പദ്ധതികളാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. ഇങ്ങനെ ഒരു ഡയറക്ടർ ഒരു മന്ത്രിയുടെ ഭാഗ്യമാണ്. മന്ത്രിമാർക്ക് എത്ര ആശയങ്ങൾ ഉണ്ടെങ്കിലും അവ നടപ്പാക്കാൻ കഴിവുറ്റ ഡയറക്ടർ അല്ലെങ്കിൽ എ.പി.സി ഇല്ലെങ്കിൽ കഴിയില്ല. അക്കാര്യത്തിൽ ഹേലിയെപോലെ മറ്റൊരാൾ ഉണ്ടായിട്ടില്ല. പിഎച്ച്. ഡി ഇല്ലെങ്കിലും ജനങ്ങൾ ഡോക്ടറേറ്റ് കൊടുത്ത ഉദ്യോഗസ്ഥനാണ് ഹേലി സാർ എന്ന് വി.വി രാഘവൻ പറയുമായിരുന്നു. കൃഷി ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാതൃകയാക്കണം.
കേരളത്തിൽ ആദ്യമായി കൃഷി ഭവനുകൾ ആരംഭിക്കുന്നതിലും ഗ്രൂപ്പ് ഫാമിംഗ് ജനകീയമാക്കുന്നതിലും വി.വി രാഘവനൊപ്പം പ്രവർത്തിച്ച ഹേലി സാർ, കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ചലനാത്മകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചതും അദ്ദേഹമാണ്.
ഹേലി സാറുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ട്. 2016ൽ കൃഷി മന്ത്രിയായി ഞാൻ ചുമതലയേറ്റശേഷം കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികൾ തയ്യാറാക്കുമ്പോഴെല്ലാം അദ്ദേഹം ഉപദേശങ്ങളുമായി ഒപ്പം നിന്നു. ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്ന അദ്ദേഹം, ഒരു കാരണവരെപ്പോലെ സ്നേഹവാത്സല്യങ്ങൾ പകർന്ന ഒരു കുടുംബാംഗം കൂടിയാണ്. പ്രിയപ്പെട്ട ഹേലി സാറിന്റെ വേർപാടിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.