vaccine

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ബഹളം കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുക്കങ്ങളാരംഭിച്ചു. സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക ചെലവും ആൾശേഷിയും അടിസ്ഥാന സൗകര്യമൊരുക്കലും ഉൾപ്പെടെ വലിയ വെല്ലുവിളികളാണ് വാക്സിൻ വിതരണത്തിനുള്ളത്. മൂന്നരകോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ ആറായിരം കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇതിൽ ഏത് ഘട്ടം വരെ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ല. വാക്സിന്റെ വില തന്നെ ആയിരം രൂപയെങ്കിലും വരും.

വാക്സിൻ സൗജന്യമായിരിക്കുമെന്ന് തമിഴ്നാടും, മദ്ധ്യപ്രദേശും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വ്യവസ്ഥകളനുസരിച്ചേ സംസ്ഥാനങ്ങൾക്കും വാക്സിൻ വിതരണം നടത്താനാവൂ. എന്നാൽ സൗജന്യമായി നൽകാൻ സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ കേന്ദ്രം എതിർക്കുമോ എന്ന് വ്യക്തമല്ല.

കാലാവസ്ഥാ പ്രത്യേകതയും വിതരണത്തിനും സംഭരണത്തിനുള്ള ചെലവുമാണ് മറ്റ് വെല്ലുവിളികൾ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടിവരും. അതിനുള്ള ശീതീകരണികൾ ഇന്ത്യയിൽ അപൂർവമാണ്. മറ്റ് വാക്സിനുകൾക്ക് അത്രയും തണുപ്പ് വേണ്ടെങ്കിലും തണുപ്പിച്ച് തന്നെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം.

ഇത്രയധികം വാക്സിനുകൾ കേടാകാതെ സംഭരിക്കാനും വിതരണകേന്ദ്രങ്ങളിൽ എത്തിക്കാനും അതിനുള്ള ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ഡാറ്റാസജ്ജീകരണം തുടങ്ങി സുരക്ഷാ ചെലവ് ഉൾപ്പെടെ ആളും അർത്ഥവും വേണ്ട നിരവധി കാര്യങ്ങളുണ്ട്. വാക്സിന്റെ ചെറിയ മോഷണം പോലും തടയാൻ കർശനനടപടിയും സ്വീകരിക്കേണ്ടിവരും.

#മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്രം

വാക്സിൻ കുത്തിവയ്പിന് 12 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കണമെന്ന് വ്യക്തമാക്കുന്ന കേന്ദ്ര മാർഗ്ഗരേഖ സംസ്ഥാനങ്ങൾക്ക് കൈമാറി. വാക്സിൻ മോഷണം കർശനമായി തടയണം. വാക്സിൻ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സർക്കാരിന്റെ 20 മന്ത്രാലയങ്ങൾ വഹിക്കും. നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അദ്ധ്യക്ഷനായ ദേശീയ വിദഗ്ദ്ധ സംഘത്തിനാണ് ഏകോപന ചുമതല

ആധാർ, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസെൻസ്, ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, പാൻ കാർഡ്, പാസ്‌പോർട്ട്,​ പെൻഷൻ കാർഡ്, തൊഴിൽ മന്ത്രാലയം നൽകുന്ന ഇൻഷുറൻസ് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്, ദേശിയ ജനസംഖ്യ രജിസ്റ്ററിന്റെ സ്മാർട്ട് കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകൾ.

#മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതുന്നയിച്ച് കോൺഗ്രസ് നേതാവ് മുൻമന്ത്രി എ.പി.അനിൽകുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് നടത്തിയ പ്രസ്താവന ജനങ്ങളെ സ്വാധീനിക്കുമെന്നാണ് പരാതിയിലുള്ളത്.പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ പറഞ്ഞു.