
കുളത്തൂർ: ഐ.ടി നഗരത്തിന്റെ ഹൃദയഭാഗം ഗതാഗതകുരുക്കിൽ നട്ടം തിരിയുകയാണ്. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിർമ്മാണം തുടങ്ങിയതോടെയാണ് ഗതാഗതസംവിധാനം താറുമാറായത്. സർവീസ് റോഡുകൾ പൂർണമായി സജ്ജമാകാത്തതും കുരുക്ക് ഇരട്ടിയാക്കി.
പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുടെയും പൊലീസിന്റെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും അവലോകന യോഗം നിലവിലെ അവസ്ഥ വിലയിരുത്തിയിരുന്നു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി കേബിൾ സംവിധാനം ഒരുക്കാൻ തീരുമാനമെടുത്തിട്ടും ജംഗ്‌ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ല. നഗരത്തത്തിലേക്ക് പ്രവേശിക്കുന്ന ദേശീയപാതയുടെ പ്രധാന ജംഗ്‌ഷനായ കഴക്കൂട്ടത്ത് എത്തുന്ന വാഹന യാത്രക്കാർ കഷ്ടപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മഴപെയ്‌താൽ അപകടം വരുത്തുന്ന ചെളിക്കുളവും വെയിലത്ത് അതിരൂക്ഷമായ പൊടിപടലവുമാണ് യാത്രക്കാർക്ക് വെല്ലുവിളി ഉയർത്തുന്നത്. മാസങ്ങളായി തുടരുന്ന ഈ ദുരിതത്തിന് താത്കാലിക പരിഹാരം പോലുമായില്ല. എല്ലാം എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ തലയിൽ കെട്ടിവച്ച് തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ് ദേശീയപാത അധികൃതരും പൊലീസുമെന്നാണ് ആക്ഷേപം. റോഡിന്റെ ഇരുഭാഗത്തെയും സ്ഥലമേറ്റെടുത്ത് കെട്ടിടങ്ങൾ ഇടിച്ചുനീക്കിയ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റുകളും മറ്റ് തടസങ്ങളും മാറ്റി റോഡ് വീതികൂട്ടി താത്കാലിക സജ്ജീകരണങ്ങൾ ഒരുക്കിയാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഇവിടുള്ളൂ. കഴക്കൂട്ടം ജംഗ്‌ഷൻ മുതൽ കാർത്തിക ബാർ വരെയുള്ള ഭാഗത്ത് ട്രാഫിക് വാർഡന്മാരെ നിയോഗിച്ചാൽ ഒരു പരിധിവരെ ഇവിടത്തെ പ്രശ്ങ്ങൾക്ക് പരിഹാരമാകും. ഈ ഭാഗത്തെ ഗതാഗതകുരുക്ക് കാരണം കുളത്തൂർ റോഡും ആക്കുളം ബൈപാസിലേക്കുള്ള സർവീസ് റോഡുകളും കഴക്കൂട്ടത്തെ ഒട്ടുമിക്ക ഇടറോഡുകളിലും ഗതാഗതം താറുമാറായി.
നിർമ്മാണം പുരോഗമിക്കുന്നു
-------------------------------------------------
റോഡിന്റെ വലതുഭാഗത്ത് സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഓടയുടെ പണികൾ നടക്കുകയാണ്. ഓട നിർമ്മാണം നടക്കുന്ന ഭാഗത്തെയും കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന വശത്തെയും ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് താത്കാലിക റോഡ് നിർമ്മിച്ചാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാനാകും. പകരം ഇരുഭാഗത്തും ഓടകൾ നിർമ്മിച്ച ശേഷമേ താത്കാലിക റോഡുപണി ആരംഭിക്കൂ എന്ന പിടിവാശിയിലാണ് അധികൃതർ. ഒരുഭാഗത്തെ ഓടയുടെ നിർമ്മാണം ഏറക്കുറെ പൂർത്തിയാക്കി മറുഭാഗത്തെ നിർമ്മാണം തുടങ്ങിയെങ്കിലും നീക്കം ചെയ്യുന്ന മണ്ണ് റോഡരികിൽ കൂട്ടിയിടുന്നത് വാഹനയാത്രക്ക് ഭീഷണിയായി. മഴ ശക്തമായപ്പോൾ ഇരുചക്ര വാഹനങ്ങൾ റോഡിലെ ചെളിയിൽ തെന്നിമാറി അപകടങ്ങൾ പതിവായിരുന്നു. ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടത്ത് മിഷൻ ആശുപത്രി മുതൽ ടെക്നോപാർക്ക് ഫെയ്സ് ത്രീ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്.
 2.72 കിലോമീറ്റർ നീളത്തിലാണ് എലിവേറ്റഡ് ഹൈവേ
 195 കോടി ചെലവ്  45 മീറ്റർ വീതി