പേരൂർക്കട: ബൈക്ക് മോഷണ സംഘത്തെ പൊലീസ് പിടികൂടി. നാലാഞ്ചിറ പെരിങ്ങാട്ടുകുഴി സ്വദേശി കിരൺ (25), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ ജിഷ്ണു (18) എന്നിവരാണ് പിടിയിലായത്. വട്ടപ്പാറ പെരിയാംകോട് സ്വദേശി അനിൽകുമാറിന്റെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതികൾ കസ്റ്റഡിയിലായത്. നവംബർ നാലിനായിരുന്നു സംഭവം നടന്നത്. വീടിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികൾ മോഷ്ടിച്ച് കൊണ്ടു പോകുകയായിരുന്നു. അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നിനിടെയാണ് പ്രതി കിരണിനെ മണ്ണന്തല ഭാഗത്തുവച്ച് മണ്ണന്തല പൊലീസ് പിടികൂടിയത്. പട്രോളിംഗിനിടെ ജിഷ്ണുവിനെ മെഡിക്കൽകോളേജ് ഭാഗത്തുവച്ച് മോഷണ ബൈക്ക് ഉൾപ്പെടെ മെഡിക്കൽകോളേജ് പൊലീസ് പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിക്കാനെത്തിയ പ്രതികളുടെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതികൾക്കെതിരെ പേരൂർക്കട, മണ്ണന്തല, മെഡിക്കൽകോളേജ് സ്റ്റേഷനുകളിൽ 5 ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ട്. മോഷ്ടിച്ച ബൈക്കുകളിൽ നഗരപ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലും കറങ്ങി നടക്കുകയാണ് പ്രതികളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. മണ്ണന്തല സി.ഐ ജി.പി സജുകുമാർ, എസ്.ഐ ഒ.വി. ഗോപിചന്ദ്രൻ, മെഡിക്കൽകോളേജ് സി.ഐ ഹരിലാൽ, എസ്.ഐ പ്രശാന്ത്, സി.പി.ഒമാരായ രതീഷ്, ശ്രീജിത്ത്, നാസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.