
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ പൊലീസ് ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് വൃദ്ധയായ മാതാവ് വനിതാ കമ്മിഷനിൽ പരാതി നൽകി. മകൾക്കും മരുമകനുമൊപ്പം പേരൂർക്കട ദർശൻനഗറിലെ വീട്ടിൽ താമസിക്കുന്ന തന്റെ, പാങ്ങപ്പാറയിലെ കുടുംബവീട് തട്ടിയെടുക്കാൻ മകൻ ശ്രമിക്കുന്നുവെന്നും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായും കാര്യവട്ടം പാങ്ങപ്പാറ സ്വദേശിയും74 കാരിയുമായ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പലതവണ മാനസികമായും ശാരീരികമായും ആക്രമിച്ചു. മകന്റെ ശല്യം സഹിക്കവയ്യാതെ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബസ്വത്തിന്റെ ഭൂരിഭാഗവും മകൻ സ്വന്തമാക്കി. മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ കുടുംബവീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു വീട്ടിൽ താമസിക്കുന്ന മകൻ ഭാര്യയുമാെത്ത് അതിക്രമിച്ചുകയറി തടസപ്പെടുത്തി. ഭർത്താവ് ജീവിച്ചിരുന്ന കാലം മുതൽ തുടങ്ങിയതാണ് ഭീഷണി. മരണാസന്നനായി കിടന്ന അവസ്ഥയിൽപോലും ഭർത്താവിനെ ഭീഷണിപ്പെടുത്തി. എഴുപതോളം സെന്റ് വസ്തു കൈക്കലാക്കി. പലതവണ താൻ ആശുപത്രിയിലായിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയിൽ പറയുന്നു.