
കാസർകോട് : ഓട്ടോഡ്രൈവറെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഹൊസങ്കടി അംഗഡിപ്പദവിലെ സൈഫുദ്ദീനും മറ്റു രണ്ടുപേർക്കുമെതിരെയാണ് കേസ്.
അംഗഡിപ്പദവിലെ ഓട്ടോഡ്രൈവർ ദീപക് എന്ന കുട്ടന്റെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച രാത്രി വീടിന് സമീപത്ത് വച്ച് ദീപകിനെ മൂന്നംഗ സംഘം മർദ്ദിക്കുകയും കുതറിയോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്നെത്തി വലിച്ചുകൊണ്ടുപോയി സമീപത്തെ കിണറ്റിൽ തള്ളിയിട്ടുവെന്നുമാണ് പരാതി. നിലവിളിയും കിണറ്റിൽ വീഴുന്ന ശബ്ദവും കേട്ട് എത്തിയ പരിസരവാസികളാണ് ദീപകിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. സൈഫുദ്ദീൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.