
വെഞ്ഞാറമൂട്: കൊവിഡ് പിടിമുറുക്കിയതോടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പാഠനം നടത്താൻ ആകെയുള്ള മാർഗ്ഗം ഓൺ ലൈൻ ക്ലാസുകളാണ്. നിലവിൽ ആറ് മാസം പിന്നിട്ട ഓൺലൈൻ ക്ലാസിനോട് ഇപ്പോൾ കുട്ടികൾ വിമുഖത കാട്ടുന്നതയാണ് അദ്ധ്യാപകർ പറയുന്നത്. അധ്യയന വർഷം ആരംഭിച്ച ജൂണിൽ ഓൺലൈൻ ക്ലാസുകളെ വലിയ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ഇതുവരെ പരിചയമില്ലാത്ത പുത്തൻ അനുഭവത്തെ താത്പര്യത്തോടെ സ്വീകരിച്ചെങ്കിലും പിന്നീട് ഒരു വിഭാഗം കുട്ടികളെങ്കിലും ഇതിനോട് വിമുഖത കാട്ടി തുടങ്ങി. പൊതുവിദ്യാലയങ്ങളിലെ 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിക്റ്റേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സ്. എത്ര കുട്ടികൾ ചാനലിലെ ക്ലാസ്സുകളിൽ ഇരിക്കുന്നു എന്ന് ഉറപ്പാക്കാൻ മാർഗ്ഗമില്ല. കുട്ടികൾ എന്ത് പഠിച്ചു എന്ന് വിലയിരുത്താൻ പരീക്ഷ നടത്താനും കഴിയില്ല. ചില ഹയർ സെക്കൻഡറി സ്കൂളുകൾ തങ്ങളുടെ കുട്ടികളുടെ ബോധന നിലവാരമനുസരിച്ച് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ലാസുകളുടെ വീഡിയോ അയച്ചു നൽകാറുണ്ട്. ഇതിനെയും കുട്ടികൾ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് അറിയാൻ മാർഗമില്ലെന്നും അദ്ധ്യാപകർ പറയുന്നു. സ്വാശ്രയ സ്കൂളുകളും കോളേജുകളും ഫീസ് വാങ്ങുന്നതിനാൽ ക്ലാസുകളെ പ്രയോജനപ്പെടുത്താൻ കുട്ടികൾ കുറേകൂടി ശ്രമിക്കാറുണ്ട്. പൊതുവേ ചെറിയ ക്ലാസ്സുകളിലെ കുട്ടികൾ രക്ഷിതാക്കളുടെ ശിക്ഷണത്തിൽ ക്ലാസ്സുകളിൽ ശ്രദ്ധിക്കുന്നുണ്ട്.
സ്കൂളുകളിൽ നിയന്ത്രണം:-
ട്യൂഷൻ സെന്ററുകളും മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളും സർക്കാർ നിർദ്ദേശത്തെ തുടർന്ന് പ്രവർത്തനം തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. പക്ഷേ പരീക്ഷകളെ നേരിടേണ്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി മുതൽക്ലാസ്സ് നൽകണമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്.