
മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. കഴിഞ്ഞ ദിവസം ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമായിരുന്നു. കൂടാതെ പൂർണിമയുടെ 42ാം ജന്മദിനവും. ഇരുവരും പരസ്പരം ആശംസകൾ നേരുകയാണ്. ഒടുവിൽ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂർത്തിയായി എന്നാണ് തമാശരൂപേണ പൂർണിമ പറയുന്നത്. എന്നാൽ ഇക്കാലമത്രയും തന്റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി പറയുകയാണ് ഇന്ദ്രജിത്.തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകളുമായി മകൾ പ്രാർത്ഥനയും എത്തി. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്നാണ് പ്രാർഥന പറയുന്നത്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് സ്നേവും പരിധികളില്ലാത്ത ആശംസകളുമാണ് ഗീതു മോഹൻദാസിന്റെ വക. ഇരുവരും ഏറെ അടുത്ത സുഹൃത്തുക്കളാണ്.കഴിഞ്ഞദിവസം തങ്ങളുടെ ഒന്നാം വിവാഹ വാർഷികാഘോഷത്തിന്റെ ഓർമകൾ പൂർണിമ പങ്കുവച്ചിരുന്നു. “എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു,” എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചത്. 2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന പിന്നണി ഗായിക കൂടിയാണ്.