
സിനിമയിലെ സൗഹൃദങ്ങളിൽ എന്നും പ്രേക്ഷകർക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ഗീതുവും മഞ്ജുവും. രസകരമായ ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പാണ് മഞ്ജു ചേർത്തിരിക്കുന്നത്. ഇരുവരും ചെവിയിൽ എന്തോ സ്വകാര്യം പറയുന്നതായി ചിത്രങ്ങളിൽ കാണാം.'നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് ആളുകൾ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്,' എന്ന് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചു. പരിധികളില്ലാത്ത സ്നേഹവും ആശംസകളുമാണ് ഗീതു മോഹൻദാസ് കൂട്ടികാരിക്ക് നൽകിയിരിക്കുന്നത്. മുൻപ് ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്. '‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു മഞ്ജു ഉദ്ദേശിച്ചത്. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാർഡും അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകത്തക്ക തരത്തിൽ ജീവിതത്തിലും പ്രവർത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാൽ, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു. സിനിമാ താരം, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2013ൽ പൂർണിമ സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം കുറഞ്ഞ നാൾകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനം. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാൻ 'സേവ് ദി ലൂം' എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.