കണ്ണൂർ: പാർട്ടി ഗ്രാമങ്ങളിലെ രക്ത രൂക്ഷിതമായ കൊലപാതകങ്ങളും അക്രമങ്ങളും വടക്കേ മലബാറിന്റെ ശോഭ കെടുത്താറുണ്ട്. കൃത്യമായ വോട്ട് ബാങ്കുകൾ പല ഗ്രാമങ്ങളിൽ മൂന്നു മുന്നണികൾക്കും ഉണ്ടെന്നിരിക്കെ, ചിലയിടത്തൊക്കെ അടിയൊഴുക്കുകളും പ്രകടമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റം നിലനിർത്തുമെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോൾ, അതൊക്കെ താത്കാലിക പ്രതിഭാസം എന്ന് വിശ്വസിക്കാനാണ് ഇടതിന് ഇഷ്ടം. രാവിലെ മുതൽ തന്നെ കനത്ത പോളിംഗാണ് ഗ്രാമീണ പ്രദേശങ്ങളിൽ പോലും നടന്നത്.
കണ്ണൂർ
തിരഞ്ഞെടുപ്പിന് മുമ്പ് 18 സീറ്റിൽ എതിരില്ലാതെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ വോട്ടെടുപ്പിന് മുമ്പ് 14 വാർഡിൽ വിജയിച്ച് ആന്തൂർ നഗരസഭയിലെ ഭരണം ഇടതുമുന്നണി ഉറപ്പിച്ചതെങ്കിൽ ഇത്തവണ ഇവിടെ എതിരില്ലാത്ത വിജയം ആറിടത്ത് മാത്രമാണമെന്നാണ് യു.ഡി.എഫ് അവകാശ വാദം. അതേ സമയം, സ്വന്തം ചിഹ്നത്തിൽ പോലും മത്സരിക്കാതെ സി.പി.എം സ്വതന്ത്രരെ പരീക്ഷിക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. തുല്യനിലയിലെത്തിയ കണ്ണൂർ കോർപ്പറേഷനിലാകട്ടെ, കോൺഗ്രസ് വിമതന്റെ വോട്ടിൽ എൽ.ഡി.എഫ് നാല് വർഷം ഭരിച്ചു. വിമതൻ കോൺഗ്രസിലേക്ക് തിരിച്ചു പോയതോടെ ഭരണവും നഷ്ടപ്പെടുകയായിരുന്നു. അത്തരമൊരു കൈപ്പിഴ വച്ചുപൊറുപ്പിക്കില്ലെന്ന വീറും വാശിയുമാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളിലും പ്രകടമാകുന്നത്.
55 ഡിവിഷനുകളിൽ നാൽപതിൽ തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ 35ൽ വിജയം നേടുമെന്നാണ് ഇടതുമുന്നണി പറയുന്നത്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഇടതുമുന്നണി ആദ്യം തന്നെ പൂർത്തിയാക്കിയെങ്കിലും നാല് സീറ്റുകളിലെ വിമത ശല്യം മാറ്റി നിർത്തിയാൽ യു.ഡി.എഫും പ്രചാരണത്തിൽ ഒപ്പം തന്നെയെത്തുകയായിരുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവ് മലയോരത്തെ യു.ഡി.എഫ് കോട്ടകളെ അട്ടിമറിക്കാൻ സഹായിക്കുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു.
എൽ.ജെ.ഡി മുന്നണി മാറിയതോടെ കൊളവല്ലൂർ ഡിവിഷൻ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എല്ലാ ഡിവിഷനുകളിലും ഇത്തവണ എൻ.ഡി.എയ്‌ക്ക് സ്ഥാനാർത്ഥികളുമുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇത്തവണയും വൻമുന്നേറ്റം പ്രതീക്ഷിച്ച് ഇടതുമുന്നണിയും കൂടുതൽ പഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്താൻ കഴിയുമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫും നിർണായകസ്വാധീനമുറപ്പിച്ച് എൻ.ഡി.എയും പ്രചാരണം കൊഴുപ്പിക്കുകയാണ്.
കാസർകോട്
ശക്തമായ ത്രികോണ മത്സരത്തിനു വേദിയാകുന്ന ജില്ല കൂടിയാണ് കാസർകോട്. പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതും ലീഗ് നേതാവും എം.എൽ.എയുമായ എം.സി. ഖമറുദ്ദീന്റെ നേതൃത്വത്തിലുണ്ടായ നിക്ഷേപതട്ടിപ്പുമാണ് ഇവിടെ പ്രധാന പ്രാചരണ വിഷയം. സി.പി.എമ്മിന് കയ്യൂരു പോലെ യു.ഡി. എഫിന് ആവേശം പകരുന്നതാണ് പെരിയ കല്യോട്ടെ രക്തസാക്ഷി സ്മാരകം. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ നേരിയ തോതിൽ വിഭാഗീയത തലപൊക്കുന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി പാർട്ടി ഗ്രാമമായ കയ്യൂർ- ചീമേനി പഞ്ചായത്തിൽ യു.ഡി.എഫ് ഒരു സീറ്റ് നേടിയിരുന്നു. ബേഡകത്തും പിലിക്കോടും ആദ്യമായി പ്രതിപക്ഷമുണ്ടായതും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഭരണവും ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും നേടിയ യു.ഡി.എഫിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് എൽ.ഡി.എഫിന്റെ നീക്കം. ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന് കാസർകോട്ടും തീരപ്രദേശങ്ങളിലും സ്വാധീനമുണ്ട്. എന്നാൽ ഒരുമിച്ച് നിന്നാൽ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. കോൺഗ്രസിലും ലീഗിലും മുൻകാലങ്ങളിലുണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഇത്തവണ താരതമ്യേന കുറവാണെന്നതാണ് യു.ഡി.എഫിന് ആശ്വാസം നൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ അനൈക്യം കൊണ്ടാണ് ഭരണം നഷ്ടപ്പെട്ടതെന്ന തിരിച്ചറിവും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഭരണം നിലനിർത്താൻ പതിനാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെയാണ് ഇടതുമുന്നണി നിർത്തിയിരിക്കുന്നത്. കാസർകോട് നഗരസഭയിൽ ലീഗിന്റെയും ബി.ജെ.പിയുടെയും ശക്തിപ്രകടനമാണ് കാണുന്നത്. ലീഗിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് കാസർകോട് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു സീറ്റിന് കൈവിട്ട ജില്ലാ പഞ്ചായത്ത് ഇത്തവണ തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും എൽ.ഡി.എഫിനുണ്ട്. മലയോര ഗ്രാമമായ ഈസ്റ്റ് എളേരിയിൽ യു.ഡി.എഫിൽ നിന്നും തെറ്റിപിരിഞ്ഞ ജനകീയ വികസനമുന്നണിയുമായി സഖ്യത്തിലാണെന്നതും ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തവണ ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നു എൻ.ഡി.എയും കണക്കുകൂട്ടുന്നു. രണ്ട് പഞ്ചായത്തുകളിൽ ഇപ്പോൾ ബി.ജെ.പിക്കാണ് ഭരണം. ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിട്ടുമുണ്ട്.