sn-open-university-

ഇന്ത്യയിൽ നിലവിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റികളിൽ ഏറ്റവും അവസാനം പിറവിയെടുത്തതാണ് കേരളത്തിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. പാർലമെന്റ് നിയമപ്രകാരം 1985ൽ നിലവിൽവന്ന ഇന്ദിരാഗാന്ധിനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ദേശീയതലത്തിൽ പ്രവർത്തനാധികാരമുള്ള ഒരേയൊരു ഓപ്പൺ യൂണിവേഴ്സിറ്റി. ഇതിന് കേരളത്തിൽ മൂന്ന് റീജിയണൽ സെന്ററുകളും നിരവധി സ്റ്റഡീസെന്ററുകളുംഉണ്ട്. ഈ ദേശീയ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാനതലത്തിലുള്ള പതിനഞ്ച് ഓപ്പൺ യൂണിവേഴ്സിറ്റികളും ഉൾപ്പടെ പതിനാറ് ഓപ്പൺ യൂണിവേഴ്സിറ്റികളാണ് രാജ്യത്തുള്ളത്. എല്ലാ ഓപ്പൺ സർവകലാശാലകളും നിലവിൽ വന്നത് അതതു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അളവറ്റ ആശകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാനായിരുന്നെങ്കിലും ഇവയോടൊപ്പം നിരവധി ആകാംക്ഷകളും ആശങ്കകളും ഉയർന്നിരുന്നു. നമുക്കേറെ സുപരിചിതമായ പരമ്പരാഗത സർവകലാശാലകൾ നിലനിൽക്കെ ഓപ്പൺ സർവകലാശാലകൾ ആരംഭിക്കുമ്പോഴുണ്ടാകുന്ന പൊതുധാരണാ വ്യത്യാസമാണ് ആശങ്കകൾക്ക് ആധാരം. ഓപ്പൺ യൂണിവേഴ്സിറ്റികൾ രണ്ടാംതരം പഠിതാക്കൾക്കു വേണ്ടി രണ്ടാം തരമായി സൃഷ്ടിക്കപ്പെട്ടവയാണെന്നും, ബിരുദങ്ങൾ നിലവാരക്കുറവും കീഴ്‌ത്തരവുമാണെന്ന സംശയവുമാണ് ഇവയിൽ മുഖ്യം. ഇത്തരം ചിന്തകളുടെ പ്രതിഫലനമായിട്ടാകാം കേരളത്തിലും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിലവിൽവന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ ആധികാരികതയുടെയും അംഗീകാരത്തിന്റെയും ചുവടുപിടിച്ച് വ്യവഹാരങ്ങൾക്ക് ഇടംനൽകിയത്.

1956 ലെ യു.ജി.സി. ആക്ട് രണ്ടിലെ എഫ്. സബ്‌സെക്ഷൻ പ്രകാരം ഒരു സ്ഥാപനം നിലവിൽവന്നാൽ അത് യു.ജി.സി.യെ ഔദ്യോഗികമായി അറിയിക്കുകയും യു.ജി.സി അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. സർവകലാശാലയിൽ ഉന്നതാധികാരികൾ നിയമിക്കപ്പെട്ടാൽ അവർ ചുമതലയേറ്റശേഷം അവരുടെ നിയമനരേഖകളും ആക്ട് അല്ലെങ്കിൽ ഓർഡിനൻസ് എന്നിവയുടെ രേഖകളും യു.ജി.സിക്ക് സമർപ്പിക്കുകയാണ് ഏതു സർവകലാശാലയും ചെയ്യേണ്ടത്. യു.ജി.സി. ഇത് പരിശോധിച്ചശേഷം പുതുതായി രൂപംകൊണ്ട യൂണിവേഴ്സിറ്റിയെ അംഗീകരിക്കുന്നതോടെ ദേശീയ നിയന്ത്രണ ഏജൻസിയുടെ രേഖകളിൽ സർവകലാശാല ഇടംപിടിക്കും. ധാരണക്കുറവു കൊണ്ടാകാം, കേരളത്തിലെ ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്ന് ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യു.ജി.സി. യിലേക്കുള്ള അപേക്ഷ നൽകുന്ന സമയത്താണ് അംഗീകാരം ലഭിച്ചില്ലെന്ന അകാലികമായ ആരോപണം നീതിപീഠത്തിനു മുന്നിൽവരെ എത്തിച്ച് ആശങ്കകളുയർത്തിവിട്ടത്.

എല്ലാ ഓപ്പൺ യൂണിവേഴ്സിറ്റികളെയും നിയന്ത്രിക്കുന്നത് യു.ജി.സി.യുടെ വിദൂരവിദ്യാഭ്യാസ ബ്യൂറോ എന്ന വിഭാഗമാണ്. ഇഗ്നോക്ക് ലഭ്യമായ ചില വിശേഷാധികാരം ഒഴിച്ചാൽ ഓപ്പൺ പഠനം നടത്തുന്ന എല്ലാ സർവകലാശാലകളും യു. ജി. സി.യുടെ ഏറ്റവും നവീകരിച്ചിറക്കിയ സെപ്തംബർ 2020ലെ വിദൂരവിദ്യാഭ്യാസത്തിനുള്ള റെഗുലേഷൻ കർശനമായി പാലിച്ചേ മതിയാകൂ.

കോഴ്സുകൾ തുടങ്ങുന്ന സമയം

ഓപ്പൺ യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ തുടങ്ങാൻ എല്ലാവർഷവും ജനുവരി മുതൽ ഫെബ്രുവരി വരെയും ജൂലായ് മുതൽ ആഗസ്റ്റ് വരെയും രണ്ടു സെഷനുകൾ അനുവദിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് 2021 ജൂലായ് മാസത്തിൽ കോഴ്സുകൾ ആരംഭിക്കാം. അതിനു മൂന്നുമാസം മുൻപ് കോഴ്സ് നടത്താനുള്ള അനുമതിയും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടിയും അവർക്കു വേണ്ടിയുള്ള പഠനസാമഗ്രികൾ തയ്യാറാക്കലും ചെയ്യാം. ഘടനാപരമായി എല്ലാ ഓപ്പൺ യൂണിവേഴ്സിറ്റികൾക്കും സംസ്ഥാനത്തുടനീളം അധികാര പരിധിയുണ്ടായിരിക്കും. മുഖ്യ ആസ്ഥാനത്തിനു പുറമേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ആനുപാതിക അകലം പാലിച്ചുകൊണ്ട് റീജിയണൽ സെന്ററുകളും അവയുടെ എല്ലാം കീഴിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലേണർ സപ്പോർട്ട് സെന്ററുകളും ഉണ്ടാകും. എല്ലാ പഠനസൗകര്യങ്ങളും ലബോറട്ടറികളുമുള്ള തിരഞ്ഞെടുക്കപ്പെട്ട കോളേജുകളായിരിക്കും ഇത്തരം സെന്ററുകളായി പ്രവർത്തിക്കുക. യൂണിവഴ്സിറ്റി കടം വാങ്ങുന്ന ഇത്തരം മേന്മയുള്ള സൗകര്യങ്ങൾ പഠിതാക്കൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഒരു കോളേജ് അന്തരീക്ഷം പ്രദാനം ചെയ്യും. ഇതിലൂടെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലുമുള്ള പഠിതാക്കൾക്ക് വിദ്യാഭ്യാസം പടിവാതിൽക്കലെത്തുന്ന അനുഭവമുണ്ടാകും.

സർവകലാശാല ഒരുക്കുന്ന പ്രോഗ്രാമുകൾ.

കുറഞ്ഞത് അഞ്ചുതരത്തിലുള്ള പ്രോഗ്രാമുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാം. നിലനിൽക്കുന്ന വ്യവസ്ഥിതിയിലേക്ക് പുതിയ സർവകലാശാല കടന്നുവരുമ്പോൾ പരമ്പരാഗത കോഴ്സുകൾ തുടർന്നും നൽകി പഠിതാക്കളെ സേവിക്കേണ്ടതു ഒന്നാമത്തെ ചുമതലയാകുന്നു. വിവിധതലത്തിലും തരത്തിലുമുള്ള ബിരുദം നേടാൻ ഇതു സഹായകമാകും. രണ്ടാമതായി സയൻസ് വിഷയങ്ങൾ പഠിക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. അതതു പ്രദേശങ്ങളിലെ മികച്ച കോളേജുകളിലെ അദ്ധ്യാപകരെയും ലബോറട്ടറി സൗകര്യങ്ങളെയും പ്രയോജനപ്പെടുത്തിയാൽ സാമൂഹ്യ സാമ്പത്തിക ദുർബലത അതിജീവിച്ച് സയൻസ് വിഷയങ്ങൾ പഠിക്കാനുള്ള വാതായനങ്ങൾ വിദ്യാർത്ഥികൾക്കായി തുറക്കാനാകും. മൂന്നാമത്തേത് നൂതന സ്വഭാവമുള്ള കാലികപ്രാധാന്യമുള്ള പ്രോഗ്രാമുകൾക്ക് തുടക്കം നൽകുക എന്നതാണ്. ദേശീയവിദ്യാഭ്യാസ നയത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന മേജർ, മൈനർ വിഷയങ്ങൾ ഉൾപ്പെടുത്തൽ, നാലുവർഷ ബിരുദകോഴ്സുകൾ, സംയോജിതബിരുദങ്ങൾ, ലിബറൽ ആർട്ട് എഡ്യൂക്കേഷൻ എന്ന് വിശേഷിപ്പിക്കുന്ന കലയും കണക്കും സയൻസും ചേർന്നുള്ള മിശ്രിത കോഴ്സുകൾ എന്നിവയ്ക്ക് രൂപം നൽകാം. നാലാമതായി തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് ഡിപ്ലോമാ ഡിഗ്രികോഴ്സുകൾ മുന്നോട്ടുവയ്ക്കാം. നൃത്തം, കല, ആരോഗ്യം, നിയമം, എൻജിനീയറിംഗ്, തത്വശാസ്ത്രം, ടൂറിസം, വ്യവസായം, പ്രകൃതിദുരന്തം, കൃഷി, മീൻവളർത്തൽ, ഡയറി, പെയിന്റിങ് മേഖലകളിൽ തിരഞ്ഞെടുത്ത വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകൾ നൽകാം. അഞ്ചാമതായി ഗവേഷണ ബിരുദമേഖലയിലേക്കും കടക്കാം.
അടിസ്ഥാന വിദ്യാഭ്യാസം പൂർത്തീകരിക്കാനാവാത്തവർ, പ്രൊഫഷണൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ, ബിരുദ ബിരുദാനന്തര കോഴ്സുകൾ മുടങ്ങിയ സ്ഥലത്തുനിന്നും തുടങ്ങാനാഗ്രഹിക്കുന്നവർ തുടങ്ങി കരകൗശല തൊഴിലിലോ, കൈത്തൊഴിലിലോ, പരമ്പരാഗത തൊഴിലിലോ, അന്യംനിൽക്കാറായ കൗശലവിദ്യയിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ മൂല്യം വർദ്ധിപ്പിക്കാൻ ഉതകുന്നത് എങ്ങനെ എന്ന് ചിന്തിച്ച് പ്രബലമായ അധികാരപത്രം നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റികളുടെ അംഗീകാരപരിധിയിൽപ്പെടുന്നതാണ്. ഇത്തരത്തിൽ ജനമനസുകളിലെ ആകാംക്ഷയ്ക്ക് വിരാമമിടാനും ആശങ്കകൾ അകറ്റാനും വേറിട്ട പ്രവർത്തനം കാഴ്ചവയ്‌ക്കാനുമുള്ള ആത്മാർത്ഥമായ പരിശ്രമങ്ങളുടെ പ്രാരംഭദശയിലാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും.




( ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറാണ് ലേഖകൻ ഫോൺ: 9846026464 Email: drsvsudheer@hotmail.com)