
ആര്യനാട്: എന്റെ യാത്ര കെ.എസ്.ആർ.ടി.സിയിൽ മാത്രം, എന്തിന്? ആനവണ്ടിയിൽ ഈ തലക്കെട്ടിലുള്ള നോട്ടീസ് കണ്ടാൽ ആരും അതിശയിക്കേണ്ട.കാര്യം ഇത്രയേ ഉള്ളൂ... യാത്രക്കാരെ ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇത്തരത്തിൽ ഒരു നോട്ടീസ് പ്രചരിക്കുന്നത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് യാത്രാക്കാരെ ആകർഷിക്കാനുള്ള പുതിയ വഴിയുമായി ഡിപ്പോ അധികൃതർ രംഗത്തെത്തിയത്.യാത്രക്കാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ആദ്യം നോട്ടിസ് ഇറക്കി. ഇത് ബസിന്റെ ഓരോ സീറ്റുകളുടെ പിന്നിലും പതിച്ചു. ഇതിന് പുറമേ ഡിപ്പോയ്ക്ക് മുന്നിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനുള്ള ചെലവുകളെല്ലാം ഡിപ്പോ ഇൻസ്പെക്ടർ ഇൻചാർജാണ് വഹിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി വരുമാനത്തിലും ഇപ്പോൾ ചെറിയ മാറ്റം ഉണ്ടായതായി ഇൻസ്പെക്ടർ ഇ.ആർ.സജീവ് കുമാർ പറയുന്നു. 15 ബസുകളാണ് ദിവസയും ഡിപ്പോയിൽ സർവീസുകൾ നടത്തുന്നത്. അടുത്തഘട്ടത്തിൽ ബസുകളിലെല്ലാം എഫ്.എം റേഡിയോ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.പരസ്യങ്ങൾ ഇതിലൂടെ യാത്രക്കാരെ കേൾപ്പിക്കാൻ കഴിയുന്ന തരത്തിലായിരിക്കും പ്രവർത്തനം.