
ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രത്തിന് മലയൻകുഞ്ഞ് എന്ന് പേരിട്ടു. ഫാസിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്റേതാണ് രചന. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മഹേഷും അർജുൻ ബെന്നും ചേർന്നാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. ഫഹദിന്റെ അടുത്തവർഷത്തെ ആദ്യ പ്രോജക്ടാണിത്. ഇപ്പോൾ മുണ്ടക്കയത്ത് ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിലഭിനയിച്ചുവരികയാണ് ഫഹദ്.

ജോജി പൂർത്തിയാക്കിയശേഷം ഫഹദ് മലയൻ കുഞ്ഞിൽ ജോയിൻ ചെയ്യും. ജനുവരിയിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. താരനിർണയം പൂർത്തിയായിവരുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിലെത്തിക്കും. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കലാസംവിധാനം : ജ്യോതിഷ് ശങ്കർ, മേയ്ക്കപ്പ് : രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ് : ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന.