
തിരുവനന്തപുരം: കഴുത്തിൽ കുരുക്കിട്ട് നായയെ കാറിന് പിന്നിൽ റോഡിലൂടെ കെട്ടിവലിച്ച കൊടുംക്രൂരതയിൽ വേദന പങ്കുവച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ഒരു കാര്യം വെളിപ്പെടുത്തി, കാഴ്ചയില്ലാത്ത വളർത്തുനായയെ താലോലിച്ച് വളർത്തുകയാണ് തന്റെ കുടുംബം. "കാഴ്ചയില്ലെന്ന് അറിഞ്ഞതോടെ കൂടുതൽ ലാളിക്കുകയാണ് എല്ലാവരും. അതിന്റെ സ്നേഹപ്രകടനം ഞങ്ങൾ നൽകുന്നതിന്റെ ഇരട്ടി". ഫേസ് ബുക്ക്പോസ്റ്റിലാണ് മൃഗങ്ങളോട് കാരുണ്യം കാട്ടണമെന്ന ഉപദേശത്തോടെ സ്വന്തം വീട്ടിലെ സ്കൂബിയെ കുറിച്ച് പറയുന്നത്.
സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചുതരുന്ന മൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഈ ദുനിയാവിന് മനുഷ്യർ മാത്രമല്ല, അവർകൂടി അവകാശികളാണെന്നും ചെന്നിത്തല ഓർമ്മിപ്പിക്കുന്നു.
കുറിപ്പ് ഇങ്ങനെ:
''വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരിക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർകോട് അവസാനഘട്ട പ്രചാരണവും കഴിഞ്ഞ് തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്‌നേഹപ്രകടനം തുടങ്ങി.
ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കിയത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലായത്. കാഴ്ചശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക.''