
തിരുവനന്തപുരം: ആയുർവേദ പി.ജി ഡോക്ടർമാർക്ക് 58 ഇന ശസ്ത്രക്രിയകൾ ചെയ്യാനുള്ള കേന്ദ്ര അനുമതിക്കെതിരെ അലോപ്പതി ഡോക്ടർമാർ വാളോങ്ങി നിൽക്കെ, നിലവിൽ പത്തിലധികം ശസ്ത്രക്രിയകൾ സംസ്ഥാനത്ത് ആയുർവേദ ഡോക്ടർമാർ ചെയ്യുന്നുണ്ട്.
നാസാർശസ് (നേസൽ പോളിപ്), പൈൽസ്, ഫിസ്റ്റുല, ഫിഷർ, സൈനസ് അൾസർ (നാഡീ വ്രണം), ഡാക്രോസിസ്‌റ്റൈറ്റിസ് (കണ്ണുനീർ ഗ്രന്ഥി അടഞ്ഞ് പോകുമ്പോൾ ചെയ്യുന്ന ശസ്ത്രക്രിയ), ചലാസിയോൺ (പ്രത്യേകതരം കൺകുരുവിനുള്ള ചികിത്സ), വെരിക്കോസ് വെയിൻ, രക്തമോക്ഷം, പല്ല് പറിക്കൽ, പാരാ സർജിക്കൽ ചികിത്സ എന്നീ ശസ്ത്രക്രിയകൾ ആയുർവേദ കോളേജുകളിലും ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളിലും ചെയ്യുന്നുണ്ട്.
ആയുർവേദത്തിന്റേതായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളാണ് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് നൽകുന്നതെന്ന് തിരുവനന്തപുരം ചേരമാൻതുരുത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ്ഖാൻ പറഞ്ഞു. അനസ്തേഷ്യയ്ക്ക് പകരമായി മരവിപ്പിക്കുന്നതിന് സൈലോകെയ്ൻ എന്ന മരുന്നും ഉപയോഗിക്കുന്നു.
അതേസമയം, ശസ്ത്രക്രിയ അനുമതി പ്രാവർത്തികമാക്കുന്നതിന് മുൻപ് അനസ്തേഷ്യ, വേദനസംഹാരികൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്ന് ഇരുവിഭാഗം ഡോക്ടർമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന് മുമ്പും ശേഷവുമുള്ള ചികിത്സാരീതികളിൽ വ്യക്തത വേണം.
ബീഹാർ, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് സാധാരണമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ആയുർവേദവും അലോപ്പതിയും തമ്മിൽ കേരളത്തിലുള്ളതു പോലുള്ള വേർതിരിവില്ല.
'മറ്റ് സംസ്ഥാനങ്ങളിൽ ഐ.സി.യുവിൽപ്പോലും ആയുർവേദ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ആയുർവേദവും അലോപ്പതിയും കൂട്ടിക്കുഴച്ചുള്ള ചികിത്സാരീതിയെ ആയുർവേദ രംഗവും അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാവർത്തികമാകുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ഇരു വിഭാഗത്തിലും വേണ്ടതെന്ന കാര്യത്തിൽ പഠനം ആവശ്യമാണ്'.
-ഡോ. എസ്. ഗോപകുമാർ
ആർ.എം.ഒ,തിരു. ഗവ.
ആയുർവേദ കോളേജ്