
അങ്ങനെ സുദീർഘമായ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപാസ് അടുത്തമാസം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ പോകുന്നുവെന്ന അറിയിപ്പ് സംസ്ഥാനത്തിന്റെ ഗതാഗത ചരിത്രത്തിൽത്തന്നെ പുതു അദ്ധ്യായം എഴുതാൻ പോവുകയാണ്. ഒന്നും രണ്ടും വർഷമല്ല. കൃത്യമായി പറഞ്ഞാൽ 48 വർഷം മുൻപേ ആശയമുദിച്ച ഈ ബൈപാസ് എന്തുകൊണ്ടാണ് ഇക്കാലമത്രയും കിടന്നുപോയതെന്ന് വികസന രംഗത്തെ കെടുകാര്യസ്ഥതയെക്കുറിച്ച് പഠിക്കുന്നവർക്ക് നല്ലൊരു മാതൃകതന്നെയാണ്. ഇക്കാലയളവിൽ പത്തു മന്ത്രിസഭകൾ മാറി മാറി അധികാരത്തിൽ വന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ധാരാളം പ്രഖ്യാപനങ്ങളും ഉണ്ടായി. ആലപ്പുഴയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയെല്ലാം മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ ബൈപാസ്. എം.പിമാരും എം.എൽ.എമാരുമാകാൻ മത്സരിച്ചവർക്കാർക്കും തന്നെ വാഗ്ദാനം നിറവേറ്റാൻ സാധിക്കാതെ പോയത് അവരുടെ മാത്രം കുറ്റം കൊണ്ടല്ല. പ്രാദേശികവും അല്ലാത്തതുമായ അനേകം വൈതരണികൾ ബൈപാസിന് വിലങ്ങുതടിയായി കാലാകാലം ഉയർന്നുവന്നുകൊണ്ടിരുന്നു. വെറും 6.8 കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപാസിനായി 1980-ൽ സ്ഥലം എടുത്തതാണ്. സാധാരണഗതിയിൽ പാത വികസനത്തിന് എവിടെയും വെല്ലുവിളിയാകുന്നത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. എന്നാൽ ആലപ്പുഴ ബൈപാസിന്റെ കാര്യത്തിൽ അതുണ്ടായില്ല. ഏറ്റെടുത്ത സ്ഥലം നാല്പതു വർഷമായി അനാഥമായി കിടക്കുകയായിരുന്നു. കുറച്ചുദൂരം നിർമ്മാണം നടന്നതുമാണ്. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ ആർക്കും കഴിഞ്ഞില്ല. എലിവേറ്റഡ് പാത ഉൾപ്പെട്ടതും റെയിൽവേ പാതയ്ക്കു മുകളിലൂടെയുള്ള പാലവും മറ്റും ബൈപാസ് പൂർത്തീകരണത്തെ അനന്തമായി നീട്ടിക്കൊണ്ടുപോയ കാരണങ്ങളാണ്. എന്നിരുന്നാലും ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൂട്ടായി നിന്ന് പരിഹാരം തേടിയിരുന്നുവെങ്കിൽ രണ്ടു പതിറ്റാണ്ടിനു മുമ്പേ ബൈപാസ് യാഥാർത്ഥ്യമാകുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട ഏതൊരു പദ്ധതിയുടെയും കാര്യത്തിൽ ഉണ്ടാകാറുള്ള കെടുകാര്യസ്ഥതയും അവഗണനയും ഇവിടെയും ഒട്ടും കുറയാതെ കാണാനായി എന്നതാണ് വാസ്തവം.
ബൈപാസ് പൂർത്തീകരണം ആരുടെയും വ്യക്തിഗതമായ താത്‌പര്യത്തിനുവേണ്ടിയല്ല. ദേശീയ പാതയിൽ ആലപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വേണ്ടിയുള്ളതാണ്. കൊമ്മാടി മുതൽ കളർകോടു വരെ ഏഴുകിലോമീറ്റർ ദൂരം കടക്കാനുള്ള പ്രയാസം അറിയാത്ത ഒരു യാത്രക്കാരൻ പോലും സംസ്ഥാനത്തുണ്ടാകില്ല. കുപ്പിക്കഴുത്തു പോലുള്ള ആലപ്പുഴയിലെ റോഡുകൾ സൃഷ്ടിക്കാറുള്ള അഴിയാക്കുരുക്കിൽ ചെന്നുപെടാത്തവരും കുറവായിരിക്കും. വിവിധ വകുപ്പുകൾ ഉയർത്തുന്ന സാങ്കേതിക പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടലിലൂടെ പരിഹാരം കാണാവുന്നതേയുള്ളൂ. എന്നിട്ടും ബൈപാസ് നിർമ്മാണം വർഷങ്ങളോളം സ്തംഭിച്ചുപോയതിനു പിന്നിൽ അക്ഷന്തവ്യമായ കെടുകാര്യസ്ഥതയാണുള്ളത്. ബന്ധപ്പെട്ട മന്ത്രിമാർ പ്രശ്നം കണ്ടറിഞ്ഞ് ഇടപെട്ടാൽ എത്രവേഗം കുരുക്കഴിയ്ക്കാനാവുമെന്ന് ഇതിനകം കണ്ടതാണ്. റെയിൽ പാതയ്ക്കു മുകളിലൂടെ പോകുന്ന ബൈപാസിന് ആവശ്യമായ അനുമതി നേടിയെടുക്കാൻ മരാമത്തുമന്ത്രി ജി. സുധാകരന്റെ ശാഠ്യപൂർവമായ ഇടപെടലാണ് സഹായിച്ചത്. വിഷയം ബോദ്ധ്യപ്പെട്ട കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയും സന്ദർഭത്തിനൊത്ത് ഉയർന്നു. പാത വികസന പദ്ധതികളിൽ കേന്ദ്ര ഗതാഗത വകുപ്പ് കാണിക്കുന്ന അനുകൂല സമീപനവും നിശ്ചയദാർഢ്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് ഇതുപോലുള്ള പദ്ധതികൾക്കു പലപ്പോഴും തടസമാകാറുള്ളത്. പൊതുപ്രാധാന്യമുള്ള പദ്ധതിയാണെങ്കിലും ശത്രുരാജ്യത്തെ കാര്യമെന്നപോലെയാകും വകുപ്പുകൾക്കിടയിലെ സമീപനം. ആലപ്പുഴ ബൈപാസിന് ഏറ്റവും ഒടുവിൽ റെയിൽവേയിൽ നിന്നുണ്ടായ തടസവാദം ഇതിന് ഉദാഹരണമാണ്. പാതയ്ക്കു മുകളിലൂടെ ബൈപാസ് അനുവദിക്കുകയില്ലെന്നായിരുന്നു നിലപാട്. രണ്ടും കേന്ദ്ര വകുപ്പുകൾ തന്നെയാണെന്നോർക്കണം. റെയിൽ പാതയ്ക്കു മുകളിലൂടെയല്ലാതെ ആലപ്പുഴ ദേശീയ പാതയിൽ ബൈപാസ് പോകാനാവില്ലെന്ന് ഏതു കണ്ണുപൊട്ടനും അറിയാം. എന്നിട്ടും മേൽപാലത്തിന് റെയിൽവേ അനുമതി നിഷേധിക്കുകയായിരുന്നു. ഉന്നതതല ഇടപെടലിലൂടെ അനുമതി നേടിയെടുത്തപ്പോഴേക്കും രണ്ടുവർഷം കൂടി നഷ്ടപ്പെട്ടിരുന്നു.
ഏതു പദ്ധതിയും മൂർത്തരൂപത്തിലായിക്കഴിഞ്ഞാൽ എത്രയും വേഗം പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ശ്രമമാണു വേണ്ടത്. പദ്ധതി വൈകുന്ന ഓരോ മാസവും ചെലവും വർദ്ധിച്ചുകൊണ്ടിരിക്കും. ഏഴു കിലോമീറ്ററിൽ താഴെ വരുന്ന ആലപ്പുഴ ബൈപാസ് പൂർത്തിയാകുമ്പോൾ ചെലവ് 348 കോടി രൂപയായാണ് കുതിച്ചുയരുന്നത്. രണ്ട് പതിറ്റാണ്ടു മുമ്പേയെങ്കിലും പണി തീർത്തിരുന്നെങ്കിൽ ചെലവ് ഇതിന്റെ നാലിലൊന്നു പോലുമാകില്ലായിരുന്നു. മറ്റു കാര്യങ്ങൾക്കു കൂടി ഉപയോഗപ്പെടേണ്ട പണമാണ് കൊടുകാര്യസ്ഥതയിലൂടെ പാഴായത്.
ഏതായാലും ആലപ്പുഴ ബൈപാസ് അടുത്ത മാസം ഉദ്ഘാടനത്തിനു സജ്ജമാകുമെന്ന ശുഭവാർത്ത സ്വാഗതാർഹം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ഉദ്ഘാടകനെന്ന സൂചനയുമുണ്ട്. അഞ്ചുപതിറ്റാണ്ടോളം നീണ്ടുപോയ ബൈപാസിന്റെ നിർമ്മാണ വഴികളിൽ നേരിട്ട കളങ്കമത്രയും ഇതോടെ ഇല്ലാതാകട്ടെ എന്നു ആശിക്കാം. നിർമ്മാണം പൂർത്തിയാക്കാൻ ഏറ്റവും ദീർഘകാലമെടുത്തതിന്റെ പേരിൽ ഈ ബൈപാസ് രാജ്യത്തിന്റെ നിർമ്മാണ ചരിത്രത്തിൽത്തന്നെ ഇടം നേടാതിരിക്കില്ല.