
കല്ലിലെ ദോശ മറിച്ചിട്ട ശേഷം ചായക്കടക്കാരൻ രാജു മൂന്ന് പേപ്പർ കപ്പ് നിരത്തി വച്ചു. ഒരു പാത്രത്തിൽ നിന്നും തിളച്ചപാൽ സ്റ്റീൽ കപ്പിലേക്ക് ഒഴിച്ചു. തേയില പയ്യിലൂടെ തിളച്ച വെള്ളം സ്റ്റീൽ പാത്രത്തിലേക്ക്. നീട്ടി അടിച്ച് പതപ്പിച്ച് ചായ മേശപ്പുറത്ത് കൊണ്ടു വന്നു. ചായക്കടയിലെ സ്ഥിരം കസ്റ്റമേഴ്സാണ് മൂന്നുപേരും. തിരഞ്ഞെടുപ്പിൽ പരസ്പരം എതിർത്തവർ. വെള്ളായണിക്കടുത്ത് ഊക്കോടാണ് സ്ഥലം. പള്ളിച്ചലിനും വെള്ളായണിക്കും ഇടയ്ക്കുളള നാട്ടിൻപുറം.ഇതാണ് രാഷ്ട്രീയ ചർച്ചകളുടെ സ്ഥിരം വേദികളിലൊന്ന്
ചായക്കടക്കാരൻ രാജു: ഇന്ന് മൂന്നു പേരും ഒരുമിച്ചാണല്ലോ. നാളെ ഫലം വരികയല്ലേ? ആർക്ക് കിട്ടും ചേട്ടന്മാരെ കപ്പ്
ഊക്കോട് അനിൽ : എൽ.ഡി.എഫിന് എന്ത് പേടിക്കാനാ...ഈ കൊവിഡ് കാലത്ത് എന്തുമാത്രം സൗജന്യമാണ് ജനങ്ങൾക്ക് എത്തിച്ചത്. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1400 രൂപയാക്കിയില്ലേ.
എം.വിനുകുമാർ : ഞങ്ങൾ വികസനമാണ് മുന്നോട്ടു വയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ എൻ.ഡി.എ പിടിക്കും. കേന്ദ്രത്തിന്റെ പല പദ്ധതിയും ഇവിടെ പേരുമാറ്റി ഉപയോഗിക്കുകയല്ലേ. ക്ഷേമ പെൻഷൻ 1400 ആക്കിയത് നികുതിപണം എടുത്തിട്ടല്ലേ?
മോഹനചന്ദ്രൻ : ഓഹ് പിന്നേ. കേരളം കട്ടു മുടിക്കുകയല്ലേ? കള്ളനോട്ട്, സ്വർണ്ണക്കടത്ത്, 50 രൂപയ്ക്ക് പെട്രോൾ തരുമെന്ന് പറഞ്ഞ കേന്ദ്രം ദിവസേന വിലകൂട്ടുന്നു.
വികസനം മാത്രം പറഞ്ഞാൽ പോരാ, മനസമാധാനം വേണം.യു.ഡി.എഫ് വരും