samvrtha

രസികൻ എന്ന ചിത്രത്തിലൂടെ എത്തി, മലയാളികളുടെ പ്രിയനായികമാരിൽ ഒരാളായി മാറിയ താരമാണ് സംവൃത സുനിൽ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യു.എസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഭർത്താവ് അഖിൽ രാജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സംവൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്​​ ശ്രദ്ധ നേടുന്നത്. “എന്റെ ബർത്ത്ഡേ ബോയ്” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സംവൃത കുറിക്കുന്നത്.കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രവും അടുത്തിടെ സംവൃത പങ്കുവച്ചിരുന്നു. ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും ചിത്രത്തിൽ കാണാം.

സിനിമയിൽ നിന്ന് മാറിനിന്നതിനെ കുറിച്ചും മക്കളെ കുറിച്ചുള്ള വിശേഷങ്ങളും അടുത്തിടെ ഒരു അഭിമുഖത്തിൽ സംവൃത പങ്കുവച്ചിരുന്നു.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യു.എസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്. ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്..” സംവൃത പറയുന്നു. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.