mundayil

വർക്കല: നഗരസഭ പരിധിയിലെ കിളിത്തട്ടുമുക്ക്- മുണ്ടയിൽ റോഡ് തകർന്നു തരിപ്പണമായിട്ട് വർഷങ്ങളായി. കിളിത്തട്ടുമുക്ക് ഭഗവതി ക്ഷേത്രത്തിന് സമീപത്തുനിന്ന് മുണ്ടയിൽ ഭാഗത്തേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ക്ഷേത്രത്തിന് സമീപം റോഡ് തുടങ്ങുന്ന ഭാഗത്താണ് കൂടുതൽ തകർന്നിട്ടുള്ളത്. മെറ്റലിളകി പലഭാഗത്തും ടാറിന്റെ അംശംപോലും ഇല്ലാതായി. മെറ്റൽ ഇളകി കുണ്ടുംകുഴിയുമായി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഓട്ടോറിക്ഷകൾ ഇവിടെ സവാരി വരാറില്ല. നിരവധി ആളുകൾ ഉപയോഗിക്കുന്ന റോഡാണ് തകർച്ചയിൽ തുടരുന്നത്. റോഡിന്റെ ടാറിടൽ നടന്നിട്ട് 8 വർഷം കഴിഞ്ഞു. നഗരസഭ റോഡ് നന്നാക്കാൻ ശ്രമം നടത്തിയെങ്കിലും നടപ്പായില്ല. തുക കുറവായതിനാൽ പണി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. അതിനാൽ ഉടനെയൊന്നും റോഡ് നന്നാക്കുമെന്ന പ്രതീക്ഷയില്ല. നഗരസഭയിൽ പുതിയ ഭരണസമിതി വരുമ്പോഴെങ്കിലും റോഡ് നന്നാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.