chella

വെഞ്ഞാറമൂട് : കുന്നിൻമുകളിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് നിരങ്ങി ഇറങ്ങി അവസാനം കോഴിഫാമിലെ ഷെഡ്‌ഡിൽ 27 ദിവസത്തോളം കഴിഞ്ഞ ചെല്ലമ്മ വേദനയില്ലാലോകത്തേക്ക് യാത്രയായി.

പുല്ലമ്പാറ പഞ്ചായത്തിലെ മാമൂട് കിഴക്കുംകര പുത്തൻവീട്ടിൽ ചെല്ലമ്മ ( 87 ) ആണ് സുമനസുകളുടെ സഹായത്തിന് കാത്തു നിൽക്കാതെ യാത്രയായത്.

പലവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സയിലായിരുന്ന ചെല്ലമ്മയും മകൾ സുമതിയും മനോരോഗിയായ ചെറുമകൻ ഷിബുവും കുന്നിൻമുകളിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നവംബർ പതിനാലിന് വീടിനു സമീപത്തെ കുഴിയിൽ വീണ് ചെല്ലമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഇവിടെ നിന്നും ആശുപത്രിയിൽ പോകാൻ കുന്നിൻമുകളിൽ നിന്നും നടന്നും ഇരുന്നും നിരങ്ങിയും പണിപ്പെട്ടു ചെല്ലമ്മ റോഡിൽ എത്തി.

എന്നാൽ കൊവിഡ് കാലമായതിനാൽ ആശുപത്രിയിൽ പോകാൻ സാധിക്കാത്ത ചെല്ലമ്മയെ നാട്ടുകാർ മാമുട്ടിലെ ഷാഹിദാ സൈനുദ്ദിന്റെ ഒഴിഞ്ഞ് കിടന്ന കോഴി ഫാം ഷെഡിൽ താമസിപ്പിച്ചു.

വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് എത്തിയെങ്കിലും ഇനി ഒരു ആശുപത്രിയിലേക്കില്ലെന്ന് പറഞ്ഞു ചെല്ലമ്മ നിർബന്ധം പിടിച്ചു. തുടർന്ന് കോഴിഫാമിൽ താമസം തുടങ്ങിയ ചെല്ലമ്മയ്ക്ക് സമീപവാസികളും രാഷ്ട്രീയപ്രവർ‌ത്തകരും ആഹാരവും മറ്റും നൽകി.

കഴിഞ്ഞ ദിവസം രാവിലെ ചെല്ലമ്മയുടെ നിലമോശമായി. പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. നിജൂ എം.എല്ലിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘമെത്തി പരിശോധന നടത്തി. തുടർന്ന് സ്ഥലത്തെത്തിയ ജനമൈത്രി പൊലീസ് ചെല്ലമ്മയെ അനിയത്തിയുടെ മകളുടെ വീടിലെത്തിച്ചു. രാവിലെ എത്തിച്ച ചെല്ലമ്മ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഡോ. നിജൂ എം.എൽ, എച്ച്.ഐ വിജയഗോപാൽ, റീന, ഷാനിഫ, സലീന, ജനമൈത്രി ബീറ്റ് ഓഫീസർ ഷജിൻ, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവരുടെ നേതൃത്വത്തിലാണ് ചെല്ലമ്മയെ പരിചരിച്ചിരുന്നത്.