കിളിമാനൂർ:കൊവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും തപാൽ വോട്ട് തേടി രാഷ്ട്രീയ പ്രവർത്തകർ വീടുകൾ കയറുന്നു. വോട്ട് കൈക്കലാക്കാൻ പാർട്ടികൾ തമ്മിൽ മത്സരമേറി. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്. കൊവിഡ് പ്രത്യേക ബാലറ്റിനു അർഹതയുള്ളവർക്ക് നേരിട്ട് വീടുകളിലെത്തിക്കാൻ കഴിയാതിരുന്ന ബാലറ്റ് പേപ്പറുകൾ തപാലിലൂടെയാണ് അയയ്ക്കുന്നത്. വോട്ടറുടെ വീട്ടുകളിലെത്തി തങ്ങൾക്കു വോട്ട് ചെയ്യിപ്പിച്ച് ബാലറ്റ് പേപ്പറുകൾ തിരികെ വാങ്ങി പോളിംഗ് ഓഫീസറെ ഏൽപ്പിക്കാനാണ് പാർട്ടികളുടെ നെട്ടോട്ടം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം നവംബർ 29 മുതൽ കഴിഞ്ഞ ഏഴിന് വൈകിട്ട് മൂന്നു വരെ കൊവിഡ് പോസിറ്റീവായവർ,നിരീക്ഷണത്തിലായവർ എന്നിവർക്കാണ് പ്രത്യേക ബാലറ്റിനു അർഹതയുണ്ടായിരുന്നത്. ഇവർക്കുള്ള ബാലറ്റ് വീട്ടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു തിരികെ വാങ്ങണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഇതിനായി പോൾ ഓഫീസർമാരടക്കം പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുകയും ചെയ്തിരുന്നു. വോട്ടവകാശമുള്ളവരെ കണ്ടെത്തേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരുന്നു.പട്ടിക തയ്യാറാക്കുന്നത് വൈകുന്നതോടെയാണ് ജീവനക്കാർ സ്‌ക്വാഡ് പ്രവർത്തനം അവസാനിപ്പിച്ച് വോട്ടെടുപ്പിന് ശേഷം തപാലിൽ ബാലറ്റ് അയച്ചു തുടങ്ങിയത്. പോൾ ചെയ്യുന്ന തപാൽ വോട്ടുകൾ വോട്ടെണ്ണൽ ദിനമായ 16ന് രാവിലെ 8വരെ ബന്ധപ്പെട്ട വരണാധികാരികൾക്ക് നൽകാനാകും.