
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതോടെ വേളിയിലെ മിനിയേച്ചർ ട്രെയിനിൽ യാത്രചെയ്യാൻ കുടുംബങ്ങളുടെ തിരക്ക് വർദ്ധിക്കുന്നു. ആവിപ്പുക ഉയരുന്ന എൻജിന് പിന്നിലെ ബോഗികളിലിരുന്ന് ടണലും റെയിൽവേ പാലവും കടന്ന് യാത്രചെയ്‌ത് അവധി ആഘോഷമാക്കുകയാണ് കുട്ടികൾ. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളാണ് വേളിയിലെത്തുന്നത്. ടൂറിസം വകുപ്പ് 9 കോടി രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനിയേച്ചർ ട്രെയിനിലെ അരമണിക്കൂർ യാത്ര കുട്ടികൾക്ക് കൗതുകക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ഏകദേശം രണ്ടു കിലോമീറ്റർ ദൂരമാണ് യാത്ര. സോളാറിൽ നിന്നും ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിയേച്ചർ റെയിൽവേ സ്റ്റേഷനുമാണ് ഇവിടെയുള്ളത്. അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്കുള്ളത്. ഞായറാഴ്ച മാത്രം 23,000 രൂപയോളമാണ് ടിക്കറ്റ് വില്പനയിൽ ലഭിച്ചത്. മറ്റുദിവസങ്ങളിൽ വൈകിട്ട് മൂന്നോടെയാണ് തിരക്ക് ആരംഭിക്കുക. ദിവസേന 10 ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. ഒരേസമയം 48 പേർക്ക് സഞ്ചരിക്കാമെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് 30 - 35 പേരെ മാത്രമേ ഇപ്പോൾ അനുവദിക്കുന്നുള്ളൂ. വൈകിയെത്തുന്നവർക്ക് ടിക്കറ്റ് നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു. ശലഭ റെസ്റ്റോറന്റിലും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലും സഞ്ചാരികൾക്ക് ഭക്ഷണം ലഭ്യമാണ്. ഇപ്പോൾ 7 വരെ മാത്രമാണ് ടൂറിസ്റ്റ് വില്ലേജിലേക്ക് പ്രവേശനമെങ്കിലും പൊഴിക്കര ഭാഗത്ത് നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുള്ള ഫുഡ് കോർട്ടുകൾ തയ്യാറാകുന്നതോടെ രാത്രി 9 വരെ കുട്ടികളുടെ പാർക്കിൽ പ്രവേശനം അനുവദിക്കും.
മിനിയേച്ചർ ട്രെയിൻ യാത്രയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബ സമേതം
ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ വേണ്ടുന്ന പദ്ധതികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്
- സക്കറിയ അയ്യനേത്ത്, ഡെപ്യൂട്ടി
ഡയറക്ടർ, ടൂറിസം വകുപ്പ്