election-result-waiting

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താൻ നേതൃതല യോഗങ്ങളിലേക്ക് കടക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.

കൊവിഡ് കാലത്തെ വോട്ടെടുപ്പിൽ പ്രകടമായ, പതിവിലും കവിഞ്ഞ ആവേശം മുന്നണികളുടെയും പാർട്ടികളുടെയും ആശങ്കയും പ്രതീക്ഷയും ഒരുപോലെ ഉയർത്തിയിട്ടുണ്ട്. അനുകൂല തരംഗമാണോ, അടിയൊഴുക്കാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.

അതിന്റെ പിരിമുറുക്കം പാർട്ടി നേതൃത്വങ്ങൾക്കുണ്ട്. ഭരണത്തിന്റെ അവസാന നാളുകളായതിനാൽ ഇടതുമുന്നണിയിലും സി.പി.എമ്മിലും വോട്ടെടുപ്പ് ഫലമെന്താകുമെന്ന ആകാംക്ഷയാണ്.ഫലം തിരിച്ചടിയാവുന്ന മുന്നണിയിൽ അസ്വസ്ഥതകൾ മുളപൊട്ടും. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ.ഫലം അറിയുന്നതിന്റെ പിറ്റേന്ന് തന്നെ സ്ഥിതിഗതി വിലയിരുത്താൻ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിരിക്കുകയാണ് കെ.പി.സി.സി. 17ന് രാവിലെ 11നാണ് ഓൺലൈൻ യോഗം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18ന് ചേരും. സംസ്ഥാനസമിതി ചേരുന്നതിന്റെ തീയതി അന്നുണ്ടായേക്കും.

ബി.ജെ.പി കോർ കമ്മിറ്റി യോഗവും അടുത്ത ദിവസങ്ങളിൽ ചേരും.