saritha

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപയുടെ നിയമനത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എം.ഡി സ്പർജൻകുമാർ എക്‌സൈസ് കമ്മിഷണർ മുഖേന സർക്കാരിന് കത്ത് നൽകി.

സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാർശയടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. വ്യാജ നിയമനത്തിന് ശ്രമിച്ചവർക്കെതിരെ അന്വേഷണം വേണമെന്ന പരാമർശമാണ് കത്തിലുള്ളത്. സരിതയുടെ പേര് പരമാർശിച്ചിട്ടില്ലെന്ന് സ്പർജൻകുമാർ പറഞ്ഞു. തട്ടിപ്പിന് ബെവ്കോയുടെ ലെറ്റർ പാഡും സീലും ഉപയോഗിച്ചോയെന്നും ബിവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും കത്തിലുണ്ട്.

ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥയുടെ പേരിലാണ് പ്രതികൾ പണം വാങ്ങിയതെന്നാണ് പരാതിക്കാരൻ അരുണിന്റെ മൊഴി. ജോലി ലഭിക്കാതായപ്പോൾ ഉന്നതഉദ്യോഗസ്ഥയെ വിളിച്ചെങ്കിലും നിയമന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് അറിയിച്ചത്. ഇക്കാര്യം അരുൺ സരിതയെ അറിയിച്ചപ്പോൾ ,എന്തിന് അവരെ വിളിച്ചുവെന്ന് സരിത ചോദിച്ചതായി പരാതിക്കാരൻ പറയുന്നു. സരിതയും ഉദ്യോഗസ്ഥയും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കില്ലാതെ ബിവറേജസിന്റെയും പേരിൽ തട്ടിപ്പു നടത്താനാകില്ലെന്നാണ് വിലയിരുത്തൽ. ബിവറേജസിൽ പി.എസ്. സി വഴി നിയമനം നടന്ന ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് തട്ടിപ്പു നടന്നത്.ഇരുപതോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

11,​49000 രൂപയാണ് സരിത നായർക്ക് നൽകിയതെന്നാണ് മുള്ളുവിള സ്വദേശി അരുണിന്റെ പരാതി. അരുണിന്റെ അനുജന് ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന വ്യാജേനെയാണ് പണം വാങ്ങിയത്. ബിവറേജസ് കോർപ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥയായ മീനാകുമാരിയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ അരുണിന്റെ കൈയ്യിൽ നിന്ന് പണം വാങ്ങിയതെന്നും മൊഴിയിൽ പറയുന്നുണ്ട്. പണം വാങ്ങി കബളിപ്പിക്കുകയാണെന്ന് മനസ്സിലായതോടെയാണ് അരുൺ പരാതി നൽകിയത്. സരിതയെക്കൂടാതെ കുന്നത്തുകാൽ പഞ്ചായത്തിലെ സി.പി ഐ സ്ഥാനാർത്ഥി ടി.രതീഷ്,​ ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിന് ലഭിച്ച പണം സരിതയുടെ തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നാണ് വിവരം. തുടരന്വേഷണത്തിലെ കൂടുതൽ തെളിവുകൾ കണ്ടെത്താനാവൂ എന്ന് നെയ്യാറ്റിൻകര സി.ഐ പറഞ്ഞു.