
തിരുവനന്തപുരം:കൊവിഡ് വ്യാപകമായപ്പോൾ ഇൻഷ്വറൻസുമായി രംഗത്തുവന്ന കമ്പനി ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നില്ലെന്നാണ് ആക്ഷേപം. പുനെ ആസ്ഥാനമായ കമ്പനിക്കെതിരെയാണ് പരാതി. ബാലരാമപുരം സ്വദേശിയായ രോഗിക്ക് നേരത്തെ ഹൈപ്പർ ടെൻഷൻ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തുക തരാൻ കഴിയില്ലെന്നും കമ്പനി പറയുന്നു.
ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാസ്തമംഗലം ശാഖ വഴിയാണ് ഇടപാടുകാരായ 60 ഓളം പേരെ കൊവിഡ് ഇൻഷ്വറൻസിൽ ചേർത്തത്. 699 രൂപ മുതൽ 4000 രൂപവരെയായിരുന്നു പ്രീമിയം തുക. രണ്ടര ലക്ഷം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.
കൊവിഡ് രോഗം ബാധിച്ചവർ കോവിഡ് പോസിറ്രീവ് സർട്ടിഫിക്കറ്ര്, 72 മണിക്കൂറെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുള്ള സർട്ടിഫിക്കറ്ര്, തുടർന്ന് കൊവിഡ് നെഗറ്രീവ് സർട്ടിഫിക്കറ്ര് എന്നിവയാണ് ഹാജരാക്കേണ്ടിയിരുന്നത്. രേഖകൾ നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തുക നൽകുമെന്നായിരുന്നു വാഗ്ദാനം. അപേക്ഷയിൽ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോയശേഷം ഇൻഷ്വറൻസ് തുക നിഷേധിക്കുകയാണെന്നാണ് പോളിസി എടുത്തവർ ആരോപിക്കുന്നു.