
കാറ്റാടിപ്പാടം മുതൽ സോളാർ വരെ വിവിധയിടപാടുകളിലായി ലക്ഷങ്ങൾ തട്ടിയെടുത്ത സോളാർ കേസിലെ വിവാദനായിക സരിത എസ്. നായർ വീണ്ടും തട്ടിപ്പുകേസിൽ പ്രതിയായി. ബിവറേജസ് കോർപറേഷനിലും ടൂറിസം വികസന കോർപറേഷനിലും (കെ.ടി.ഡി.സി) ജോലി നൽകാമെന്ന് വാദ്ഗാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയ കേസിൽ സരിതയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ദേവസ്വം ബോർഡിലും ജോലി വാഗ്ദാനം ചെയ്ത് സമാനമായ തട്ടിപ്പ് അരങ്ങേറിയതായി വിവരമുണ്ട്. ബിവറേജസ് കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കു നേർക്കു കൂടി ആരോപണമുയർന്നതോടെ സരിത ഉൾപ്പെട്ട തട്ടിപ്പുകേസിൽ ഉന്നതരും പ്രതികളാവുമെന്നുറപ്പായി.
വമ്പൻ സാമ്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങി മലയാളികൾക്കാകെ പരിചിതയാണെങ്കിലും സരിതയ്ക്ക് വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ കഴിഞ്ഞതാണ് പൊലീസിനെപ്പോലും അമ്പരപ്പിക്കുന്നത്. സോളാർ തട്ടിപ്പിലെന്ന പോലെ ഉന്നതരെ കരുവാക്കിയാണ് ഈ തട്ടിപ്പും നടത്തിയത്. ബിവറേജസ് കോർപറേഷനിലെയും കെ.ടി.ഡി.സിയിലെയും ഉന്നതരെക്കുറിച്ച് ഇതിനകം ആക്ഷേപമുയർന്നു കഴിഞ്ഞു. തനിക്ക് ലഭിച്ച നിയമന ഉത്തരവ് യഥാർത്ഥമാണോ എന്നറിയാൻ ഒരു യുവാവ്, ബിവറേജസ് കോർപറേഷനിലേക്ക് വിളിച്ച് മിനിറ്റുകൾക്കകം അയാൾക്ക് സരിതയുടെ വിളിയെത്തി. ബിവറേജസ് കോർപറേഷനിലേക്ക് വിളിച്ചതെന്തിനെന്നായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ ജോലിതട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ബിവറേജസ് കോർപറേഷൻ ശുപാർശ നൽകിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം തിരുനെൽവേലിയിലെ മഹേന്ദ്റഗിരി ബാങ്കിലെ സരിതയുടെ പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് സരിത ആദ്യം ഇടപെട്ടത്. പിന്നീട് യഥാർത്ഥ പേര് വെളിപ്പെടുത്തിയെന്നാണ് പരാതികളിലുള്ളത്. ജോലി തട്ടിപ്പിനു ജാമ്യമില്ലാ കേസ് എടുത്തെങ്കിലും സരിതയ്ക്കെതിരായ പൊലീസ് അന്വേഷണം ഇഴയുകയാണ്. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർഥി ടി.രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവർ തട്ടിപ്പിൽ സരിതയുടെ കൂട്ടുപ്രതികളാണ്. ഇരുപതിലേറെ യുവാക്കളിൽ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം. വ്യാജനിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ടു പേരാണു നെയ്യാറ്റിൻകര പൊലീസിനു പരാതി നൽകിയത്. ബിവറേജസ് കോർപറേഷനിൽ ജോലിക്ക് ആദ്യം കൊടുത്ത 10 ലക്ഷത്തിനു പുറമെ സരിതയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയും നിക്ഷേപിച്ചു. ഇതിന്റെയെല്ലാം രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം കേസ് രജിസ്റ്റർ ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് കഴിയുംവരെ പൊലീസ് വിവരം പുറത്തുവിട്ടില്ല. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ്.
2018 ഡിസംബറിലാണ് തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ യുവാക്കൾ പ്രശ്നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കൾ പറയുന്നു. ഉറപ്പായും ജോലി ലഭിക്കുമെന്നും അല്ലെങ്കിൽ പണം തിരികെ നൽകുമെന്നുമാണ് അവർ ഉറപ്പുനൽകിയത്. സരിതയ്ക്ക് പണം നൽകിയതിനു പിന്നാലെയാണ് വ്യാജനിയമന ഉത്തരവുകൾ കിട്ടിയത്. ഇതിന്റെ തെളിവുകളും സരിതയുടെ ശബ്ദരേഖയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പരാതിക്കാർ മൊഴിനൽകിയിട്ടുള്ളത്.
ബിവറേജസ് കോർപറേഷനിലെ മാനേജർ മീനാകുമാരിക്കാണെന്ന പേരിൽ പ്രതികൾ പണം വാങ്ങിയതായാണ് പരാതി. മീനാകുമാരിയുടെ പേരു പറഞ്ഞ് രണ്ടു തവണ ഒന്നാംപ്രതിയായ രതീഷ് രണ്ടു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാൽ ജോലി ലഭിക്കാതായപ്പോൾ അരുൺ, മീനാകുമാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് രണ്ടുതവണ നേരിട്ട് അവരെ വിളിച്ചു. അത്തരത്തിൽ ഒരു നിയമനത്തെക്കുറിച്ച് അറിവില്ലെന്നാണ് അരുണിന് മീനാകുമാരി മറുപടി നൽകിയത്. ഇക്കാര്യം പിന്നീട് അരുൺ സരിതയെ വിളിച്ച് പറഞ്ഞു. മീനാകുമാരിയെ വിളിച്ചതിൽ അതൃപ്തി അറിയിച്ച സരിത തിരികെ വിളിക്കാമെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. സരിത ഫോൺ കട്ട് ചെയ്ത് 10 മിനിറ്റിനു ശേഷം മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞ കാര്യം എന്തിനാണ് മറ്റുള്ളവരോട് പറയുന്നതെന്ന് ചോദിച്ച് ക്ഷുഭിതയായെന്നാണ് അരുൺ നൽകിയ മൊഴിയിലുള്ളത്. സരിതയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ മീനാകുമാരി ഉൾപ്പെടെയുള്ളവരെ പ്രതിയാക്കും.
വമ്പൻ തട്ടിപ്പ് മറന്ന് കേരളം
സോളാർ ഇടപാടിലെ വമ്പൻ തട്ടിപ്പ് മറന്ന മട്ടിലാണ് മലയാളികൾ വീണ്ടും ചതിക്കുഴിയിൽ വീഴുന്നത്. സോളാർ ഇടപാടിൽ 39 കോടതികളിലായുള്ള 46 കേസുകളിൽ തട്ടിച്ചെടുത്ത പണം തിരികെ നൽകിയാണ് സരിത തലയൂരിയത്. ഇതിനായി 12.85 ലക്ഷം രൂപ ചെലവിട്ടു. കേസുകൾ ഒത്തുതീർക്കാൻ സരിതയ്ക്ക് പണം കിട്ടിയത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ല. വഞ്ചനാകേസുകളിൽ തട്ടിച്ചെടുത്ത പണം തിരികെനൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിനുള്ള പണം മോഷണമോ മറ്റേതെങ്കിലും കുറ്റകൃത്യവുമായോ ബന്ധപ്പെട്ട് സമ്പാദിച്ചതാണെങ്കിൽ മാത്രമേ പൊലീസിന്റെ അന്വേഷണ പരിധിയിൽ വരൂ. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കേസുകളിലാണ് സരിതയ്ക്ക് വിചാരണ നേരിടേണ്ടിവന്നത്.
സോളാർ ഇടപാടിലൂടെ കേരളത്തിലുടനീളം കോടികളുടെ തട്ടിപ്പുനടത്തിയ സരിത എട്ടുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് മോചിതയായത്. കർണാടകത്തിലെ ഉത്തര കാനറയിൽ കാറ്റാടി യന്ത്രങ്ങളുടെയും സൗരോർജ്ജ പാനലുകളുടേയും വിതരണാവകാശം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിലെ വാറണ്ട് അപ്പോഴും ബാക്കിയുണ്ടായിരുന്നു. 39 കോടതികളിലായുള്ള 46 കേസുകളിലും ജാമ്യം നേടിയാണ് സരിത പുറത്തിറങ്ങിയത്. കാസർകോട്ടെ കേസിൽ കോടതിയുടെ വാറണ്ട് ഹോസ്ദുർഗ്ഗ് പൊലീസ് ജയിൽ അധികൃതർക്ക് അയച്ചുകൊടുക്കാതെ പൂഴ്‌ത്തുകയായിരുന്നു. ഉന്നതരെ കരുവാക്കിയായിരുന്നു സരിതയുടെ തട്ടിപ്പുകളെല്ലാം. പാലക്കാട് കിൻഫ്ര പാർക്കിൽ സൗരോർജ്ജ പ്ളാന്റ് വാഗ്‌ദാനം ചെയ്ത് കോന്നി മല്ലേലിൽ ഇൻഡസ്ട്രീസ് ഉടമ താഴം മല്ലേലിൽ ശ്രീധരൻനായരിൽ നിന്ന് 40 ലക്ഷം തട്ടിയെന്ന ആരോപണമാണ് സോളാർകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നിജോപ്പനെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സരിതയുടെ അറസ്റ്റ് തടയാനും അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വിളികളുണ്ടായെന്നായിരുന്നു ആരോപണം.