
നെയ്യാറ്റിൻകര: ഓലത്താന്നിയിലെ പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. റോഡുകളെല്ലാം കുണ്ടുംകുഴിയും നിറഞ്ഞിട്ട് വർഷങ്ങളേറെയായി. എന്നാൽ നവീകരണം മാത്രം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതാണ് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നത്. നെയ്യാറ്റിൻകര നഗരസഭയ്ക്ക് കീഴിലെ മരാമത്ത് വിഭാഗമാണ് തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കേണ്ടത്. ടെൻഡർ വിളിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് പലപ്പോഴും റോഡ് നവീകരണത്തിനുള്ള കരാർ നൽകുന്നത്. എന്നാൽ വേണ്ടത്ര വേഗത്തിലും കൃത്യതയിലും നിർമ്മാണം പൂർത്തിയാക്കാറില്ലെന്നാണ് ജനങ്ങളുടെ ആരോപണം.
ഇരുചക്രവാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങളാണ് ഇടറോഡുകളെ പ്രതിദിനം ആശ്രയിക്കുന്നത്. ശക്തമായ മഴ പെയ്താൽ എല്ലായിടത്തും വെള്ളക്കെട്ട് രൂക്ഷമാകും. ഇതിലെ അപകടക്കുഴികൾ തിരിച്ചറിയാനാകാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. അല്ലാത്ത സമയത്തുള്ള പൊടിശല്യവും യാത്രക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തതായാണ് യാത്രക്കാർ പറയുന്നത്. അടുത്ത ഭരണസമിതി അധികാരമേൽക്കുമ്പോഴെങ്കിലും പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണിവർ.
പരസ്പരം പഴിചാരൽ മാത്രം
ഓലത്താന്നി-ഇടവഴിത്തല- നാരകംകുഴി റോഡ്, എസ്.കെ.ട്യൂഷൻ ഹോം - പാതിരിശേരി റോഡ് തുടങ്ങിയവയാണ് തകർന്ന റോഡുകളിൽ പ്രധാനപ്പെട്ടവ. റോഡ് ടാർചെയ്യുന്ന കാര്യം നിരന്തരം കൗൺസിലറെ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. യു.ഡി.എഫാണ് പത്തുവർഷമായി വാർഡിൽ വിജയിക്കുന്നത്. അതിനാൽ എൽ.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. എന്നാൽ നഗരസഭ ഭരിച്ചിരുന്ന എൽ.ഡി.എഫ് ഭരണസമിതി തന്റെ വാർഡിലെ റോഡ് നന്നാക്കുന്നതിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്നാണ് സ്ഥാനമൊഴിഞ്ഞ പഴയ കൗൺസിലർ പറയുന്നത്.