des14c

ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയുടെ രണ്ടാംഘട്ട പണികൾ സമയബന്ധിതമായി പൂർത്തീകരിച്ച് 20 മുതൽ ടാറിംഗ് ആരംഭിക്കുമെന്ന് അ‌ഡ്വ. ബി.സത്യൻ എം.എൽ.എ പറഞ്ഞു. കിഴക്കേ നാലുമുക്കുമുതൽ വലിയകുന്ന് മൂന്നുമുക്കുവരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടമായി പണി പുരോഗമിക്കുന്നത്. റോഡ് വികസനത്തിന് തടസമായി നിൽക്കുന്ന കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികളും എൽ.ഐ.സി ഓഫീസിനു സമീപത്തെ കലുങ്ക് നിർമ്മാണവും യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിവയുടെ നിർമ്മാണവുമാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ വർക്കുകൾ നടക്കുന്നതുകാരണം വൈദ്യുതിതടസം ഉണ്ടാകുന്നതാണ് ഇപ്പോൾ നഗരത്തെ വലയ്ക്കുന്ന പ്രശ്നം. മൂന്നുമുക്കു മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയുള്ള ഒരു കിലോമീറ്റർ ഭാഗമാണ് രണ്ടാം ഘട്ടമായി വികസിപ്പിക്കുന്നത്. എൽ.ഐ.സി ഓഫീസിനു സമീപം മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലുങ്ക് നിർമ്മിക്കുന്നത്.
ടെലിഫോൺ കേബിൾ,വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ എന്നിവ ഭാവിയിൽ കടത്തിവിടാനായി ദീർഘ വീക്ഷണത്തോടെയാണ് ഐ.ടി.ഐക്കു സമീപം യൂട്ടിലിറ്റി ഡക്ട് നിർമ്മിക്കുന്നത്. കെ.എസ്.ഇ.ബിയുടെ 38 പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പൂർണമായി വൈദ്യുതി കട്ടു ചെയ്ത് മാറ്റിയിട്ടത്.