
മാള: വോട്ടെടുപ്പ് വരെ പരസ്പരം വീറും വാശിയും നിറഞ്ഞ സർവ്വ സന്നാഹങ്ങളുമായി എതിർത്തു.എന്നാൽ പിറ്റേന്ന് എതിർപക്ഷ നേതാവിന്റെ മകന് കരൾ പകുത്തുനൽകാൻ സന്നദ്ധനായി ആരോടും ആലോചിക്കാതെ സിറിൾ ഓടിയെത്തി. കരൾ ആവശ്യമുള്ളത് എതിർ പക്ഷ നേതാവിന്റെ മകനാണെന്ന് അറിഞ്ഞല്ല, യാദൃശ്ചികമായാണ് എല്ലാം നടന്നത്. എസ്.എൻ.ഡി.പി.യൂത്ത് മൂവ്മെന്റ് മാള യൂണിയൻ കമ്മറ്റി സെക്രട്ടറിയും കുണ്ടൂർ ശാഖ സെക്രട്ടറിയുമായ പുളിങ്ങാമ്പിള്ളി പരേതനായ സിദ്ധന്റെയും ഉഷയുടേയും മകനായ സിറിൾ ഈ മുപ്പതാം വയസിൽ ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് സന്നദ്ധനായത് എടുത്തുചാടിയുള്ള തീരുമാനമായിരുന്നില്ല. അവയവ ദാനത്തിനെ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ശാഖയിൽ നേതൃത്വം നൽകി സമ്മത പത്രം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സിറിളിനെ കൂടാതെ അദ്ധ്യാപികയായ സരസുവും കരൾ പകുത്തുനൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. ശ്രീനാരായണീയരായ സരസു കുഴൂർ സർക്കാർ ഹൈസ്‌കൂളിലെ അദ്ധ്യാപികയാണ്. വാഴൂർ വിജയന്റെ ഭാര്യയാണ്. സിറിൾ,സരസു ടീച്ചർ എന്നിവരുടെ കാരുണ്യം നിറഞ്ഞ മനസിന് നന്ദിയുണ്ടെന്നും അതേസമയം അടുത്ത ബന്ധുവിന്റെ കരൾ യോജിച്ചതിനാൽ അത് സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കരൾ ആവശ്യമുള്ള വിദ്യാർത്ഥിയുടെ കുടുംബം അറിയിച്ചു.
ഉറപ്പിച്ചെടുത്ത തീരുമാനം
2016 ൽ ശാഖയിൽ നൂറോളം പേർ പങ്കെടുത്ത് അവയവ ദാന സമ്മതപത്രം നൽകിയ ക്യാമ്പ് സംഘടിപ്പിക്കാൻ സെക്രട്ടറിയായി നേതൃത്വം നൽകിയിരുന്നു സിറിൾ. അതുകൊണ്ടുതന്നെ കരൾ മാറ്റിവെയ്ക്കലും പകുത്ത് നൽകലും എന്താണെന്നും അതിന്റെ മഹത്വവും പരിണിത ഫലങ്ങളും മറ്റാരേക്കാളും നന്നായി സിറിളിന് അറിയാം. ബി.ജെ.പി.തിരുമുക്കുളം-കള്ളിയാട് മേഖലാ കൺവീനർ കൂടിയായ സിറിൾ കുഴൂർ പഞ്ചായത്തിലെ ബി.ഡി.ജെ.എസ്.സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു. സിറിളിന്റെ കരൾ പകുത്തുനൽകാനുള്ള തീരുമാനം രണ്ടാം ദിവസമാണ് കുടുംബക്കാരും സൃഹുത്തുക്കളും അറിഞ്ഞത്. മറ്റുള്ളവരെ അറിയിക്കാൻ മാത്രം വലിയ കാര്യമായി സിറിൾ ഇതിനെ കരുതിയില്ല. വലിയപറമ്പ് കാരപ്പിള്ളി ഭഗവതി ഭഗവതി ക്ഷേത്രത്തിലെ ശാന്തിയാണ് സിറിൾ. ഭാര്യ:രേവതി.മൂന്ന് വയസുകാരൻ സൂര്യദേവ് മകനാണ്.
വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ഒരു വാട്സ് ആപ് സന്ദേശം ലഭിച്ചത്.ബി പോസിറ്റീവ് രക്ത ഗ്രൂപ്പ് ഉള്ളവർ ബന്ധപ്പെടുകയെന്ന് കണ്ടപ്പോൾ തന്നെ താഴെ കണ്ട നമ്പറിൽ വിളിച്ചു. അപ്പുറത്ത് നിന്ന് രക്തമല്ല,കരളാണ് വേണ്ടതെന്ന മറുപടി ലഭിച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിച്ചില്ല. തയ്യാറാണെന്നും ഇവിടെ എപ്പോഴാണ് വരേണ്ടതെന്നും തിരിച്ചു ചോദിച്ചു. എല്ലാം കഴിഞ്ഞ് പിറ്റേന്നാണ് ഭാര്യ രേവതിയും ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞത്. അതോടൊപ്പം ആർക്കാണ് കരൾ ആവശ്യമുള്ളതെന്നും തിരിച്ചറിഞ്ഞു. തലേന്ന് വരെ രാഷ്ട്രീയ ആശയങ്ങളാൽ എതിർത്തിരുന്ന എതിർ പക്ഷത്തെ നേതാവും സ്ഥാനാർത്ഥിയുമായ ആളുടെ മകന് വേണ്ടിയാണ് കരൾ നൽകേണ്ടതെന്ന് തിരിച്ചറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. ജാതിയും മതവും രാഷ്ട്രീയ ആശയങ്ങൾക്കുമപ്പുറം ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നു.
സിറിൾ