ccc

*നഗരസഭ, ബ്ലോക്ക്, അഞ്ച് ഗ്രാമപഞ്ചായത്തുകൾ

*ആകെ 36 ടേബിൾ

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, അരുവിക്കര, കരകുളം, ആനാട്, പനവൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി. നഗരസഭയുടേത് മഞ്ച ബോയിസ് ഹൈസ്കൂളിലും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടേത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് എണ്ണുന്നത്. നെടുമങ്ങാട് ആർ.ഡി.ഒ സജികുമാർ എസ്.എൽ നഗരസഭ വരണാധികാരിയും ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഹരികുമാർ ബ്ലോക്ക്, ഗ്രാമ വരണാധികാരിയുമായിരിക്കും. 39 വാർഡുകളിലായി ആകെ 23 ബൂത്തുകളിലാണ് വേട്ടെടുപ്പ് നടന്നത്. നാല് ടേബിളിൽ എട്ട് റൗണ്ട് കൗണ്ടിംഗാണ് നഗരസഭയിൽ ക്രമീകരിച്ചിട്ടുള്ളത്. പോസ്റ്റൽ ബാലറ്റുകളും സ്‌പെഷ്യൽ ബാലറ്റുകളും മുഖ്യ വരണാധികാരിയുടെ ടേബിളിൽ എണ്ണും. നഗരസഭ കൗണ്ടിംഗിന് ആകെ 35 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ പരിശീലനം ഇന്ന് രാവിലെ 11ന് നഗരസഭ ടൗൺ ഹാളിൽ നടക്കുമെന്ന് ആർ.ഡി.ഒ സജികുമാർ അറിയിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളുടെയും വോട്ടെണ്ണലിനു 32 ടേബിളുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കരകുളം പഞ്ചായത്തിന് 7, പനവൂർ -4, മറ്റു ഗ്രാമപഞ്ചായത്തുകൾക്ക് - 5 വീതം കൗണ്ടറുകളിലാണ് വോട്ടെണ്ണൽ. ജില്ലാ, ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. ബ്ലോക്കിനും ഗ്രാമപഞ്ചായത്തിനും വെവ്വേറെ റിട്ടേണിംഗ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ആകെ 150 ഉദ്യോഗസ്ഥരാണ് ഇവിടെ നിയമിതരായിട്ടുള്ളത്. ഇവരുടെ പരിശീലന പരിപാടി ഇന്നലെ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പാസുള്ളവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം. കൗണ്ടിംഗ് സ്റ്റേഷനുകളിലും പരിസരത്തും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിരീക്ഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കുമെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറും അറിയിച്ചു. രാവിലെ 8 ന് വരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രമേ കൗണ്ടിംഗിന് സ്വീകരിക്കുകയുള്ളു.